ടെൽ അവീവ്: ഗാസയിൽ വെടിനിർത്തൽ കരാർ ഇസ്രായേലും ഹമാസും അംഗീകരിച്ചതായി വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസുമായി വെടിനിർത്തൽ കരാർ ഇപ്പോഴും പൂർത്തിയായിട്ടില്ലെന്നും അന്തിമ വിശദാംശങ്ങൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 15 മാസം നീണ്ട യുദ്ധം അവസാനിപ്പിച്ചതായി അമേരിക്കൻ പ്രസിഡൻ്റും ഖത്തർ പ്രധാനമന്ത്രിയും പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ബെഞ്ചമിൻ നെതന്യാഹുവിന്റെ പരാമർശം.
വെടിനിർത്തൽ കരാർ ഞായറാഴ്ച നിലവിൽ വരുമെന്നും ബന്ദികളുടെയും പാലസ്തീൻ തടവുകാരുടെയും മോചനത്തിന് ധാരണ ആയെന്നുമാണ് ഖത്തർ പ്രധാനമന്ത്രി അറിയിച്ചത്. ആദ്യഘട്ടത്തിൽ 33 ഇസ്രായേലി പൗരന്മാരെ ആദ്യഘട്ടത്തിൽ മോചിപ്പിക്കും. 1000 പലസ്തീനി തടലവുകാരെയാണ് ഇസ്രായേൽ കൈമാറുക. ആറാഴ്ചത്തെ വെടിനിർത്തൽ കരാറാണെന്നാണ് പുറത്തു വരുന്ന വിവരം. യുഎസിന്റെ പിന്തുണയോടെ ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ നടത്തിയ മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് വെടിനിർത്തൽ സാധ്യമാകുന്നത്.
2023 ഒക്ടോബറിൽ ഏഴിനാണ് പശ്ചിമേഷ്യയെ സംഘർഷത്തിലേക്ക് തള്ളിവിട്ട ആദ്യ ആക്രമണം ഉണ്ടാകുന്നത്. ഹമാസ് നൂറുക്കണക്കിന് മിസൈലുകളാണ് തൊടുത്തുവിട്ടത്. ഹമാസ് 1,139 പേരെ വധിക്കുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ഇസ്രായേൽ തിരിച്ചടിക്കുകയായിരുന്നു. ബന്ദികളിൽ 105 പേരെ 2023 നവംബറിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറിൽ മോചിപ്പിച്ചിരുന്നു. പകരമായി ഇസ്രായേൽ തടവിലുണ്ടായിരുന്ന 240 പാലസ്തീനികളെയും മോചിപ്പിച്ചു.
യുദ്ധം തുടങ്ങി ഒരു വർഷവും മൂന്ന് മാസവും പിന്നിടുമ്പോഴാണ് വെടിനിർത്തൽ കരാർ പ്രഖ്യാപിക്കുന്നത്. ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ഔദ്യോഗിക പ്രഖ്യാപനത്തിനുള്ള കാത്തിരിപ്പിലാണ് ലോകം.