ന്യൂഡൽഹി: കൊച്ചി അടക്കം ഏഴ് വിമാനത്താവളങ്ങളിൽ കൂടി ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ- ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (FTI- TTP) സൗകര്യം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. കൊച്ചിയിൽ ഉൾപ്പടെ ഇനി ഇമിഗ്രേഷൻ നടപടിക്രമം വേഗത്തിലാകും. ഡൽഹി വിമാനത്താവളത്തിൽ മാത്രമാണ് ഈ സൗകര്യമുണ്ടായിരുന്നത്.
രാജ്യാന്തര വിമാനയാത്രകളിൽ ഇമിഗ്രേഷൻ ക്ലിയറൻസിനായി ക്യൂവിൽ കാത്തുനിൽക്കേണ്ട എന്നതാണ് മെച്ചം. വിദേശയാത്രകളിൽ ഇലക്ട്രോണിക് ഗേറ്റിൽ ബോർഡിംഗ് പാസും പാസ്‌പോർട്ടും സ്കാൻ ചെയ്ത് അതിവേഗം ഉള്ളിലേക്കും പുറത്തേക്കും പോകാം. ഇമിഗ്രേഷൻ കൗണ്ടറിലെത്തി ഉദ്യോഗസ്ഥരെ കണ്ട് രേഖകൾ കാണിച്ച് സമയം കളയേണ്ടതില്ല. നിമിഷങ്ങൾക്കകം കാര്യം തീർക്കാം. ഇതിനായി കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എട്ട് ബയോമെട്രിക് ഇ-ഗേറ്റുകളുണ്ടാകും.
ഇതിന് പുറമേ മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവിടങ്ങളിലും ഇന്ന് മുതൽ ഈ സൗകര്യം ലഭ്യമാകും. അഹമ്മദാബാദിൽ നിന്ന് വെർച്വലായാകും ഉദ്ഘാടനം. 21 പ്രധാനപ്പെട്ട വിമാനത്താവളങ്ങളിൽ ഘട്ടംഘട്ടമായി സൗകര്യം ലഭ്യമാക്കും.
എഫ്‌ടിഐ-ടിടിപി സൗകര്യം ഉപയോഗിക്കണമെങ്കിൽ മുൻകൂറായി ഓൺലൈൻ രജിസ്ട്രേഷൻ നടത്തേണ്ടതുണ്ട്. ബ്യൂറോ ഓഫ് ഇമിഗ്രേഷന്റെ പരിശോധനകൾക്കൊടുവിൽ ട്രസ്റ്റഡ് ട്രാവലറായി കണക്കാക്കും. അങ്ങനെയുള്ളവർക്ക് മാത്രമേ ഈ ഓട്ടമേറ്റഡ് സൗകര്യം ലഭിക്കൂ. ആദ്യഘട്ടത്തിൽ ഇന്ത്യൻ പൗരന്മാർക്കും വിദേശപൗരത്വമുള്ള ഇന്ത്യക്കാർക്കുമാണ് സൗകര്യം. ഭാവിയിൽ വിദേശ യാത്രക്കാർക്കും ലഭ്യമാകും.















