നടൻ സെയ്ഫ് അലിഖാന് നേരെയുണ്ടായ കത്തി ആക്രമണത്തിന്റെ ഞെട്ടലിൽ ബോളിവുഡ്. ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് താരത്തിന് നേരെ ആക്രമണമുണ്ടായത്. നടന്റെ വീട്ടിൽ കള്ളൻ കയറിയതായാണ് വിവരം. സെയ്ഫിന് കഴുത്തിലും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിലവിൽ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ് താരം.
മുംബൈയിലെ ബാന്ദ്രയിലാണ് കുടുംബസമേതം സെയ്ഫ് അലി ഖാൻ താമസിക്കുന്നത്. കെട്ടിടത്തിന്റെ ഏഴാം നിലയിലാണ് അദ്ദേഹത്തിന്റെ അപ്പാർട്ട്മെൻ്റ്. സെയ്ഫിന്റെ മക്കളായ തൈമൂറിന്റെയും ജെഹിന്റെയും മുറിയിലാണ് സംഭവം നടന്നത്. ഇത്തരമൊരു സാഹചര്യത്തിൽ എങ്ങനെയാണ് സെയ്ഫിന്റെ വീട്ടിലെ കിടപ്പുമുറി വരെ അക്രമി എത്തിയതെന്ന ചോദ്യമാണ് ഉയരുന്നത്.
അക്രമി അകത്ത് കടന്നതെങ്ങന?
രാത്രി മൂന്ന് മണിയോടെയാണ് വിവരം ലഭിച്ചതെന്ന് മുംബൈ ക്രൈംബ്രാഞ്ച് ഡിസിപി ദീക്ഷിത് ഗെദം പറഞ്ഞു. നിലവിൽ സെയ്ഫ് ആശുപത്രിയിൽ ചികിത്സയിലാണ്. താരം അപകടനില തരണം ചെയ്തിട്ടുണ്ട്. നടനുമായി പൊലീസ് സംസാരിച്ചിട്ടില്ലന്നും ഡിസിപി വ്യക്തമാക്കി.

സംശയം ബാക്കി
സംഭവത്തിന് രണ്ട് മണിക്കൂർ മുമ്പുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതായി മുംബൈ പൊലീസ് അറിയിച്ചു. ആരും അകത്തേക്ക് കടക്കുന്നത് ദൃശ്യങ്ങളിലില്ല. ഇത്തരമൊരു സാഹചര്യത്തിൽ വീട്ടിലുള്ള ആളുകളിലേക്കും സംശയമുന നീളുന്നുണ്ട്. പോലീസ് സംഘം സെയ്ഫിന്റെ വീട്ടിലെത്തി അഞ്ച് ജീവനക്കാരെ ചോദ്യം ചെയ്തു. ഇതിൽ മൂന്നുപേരെ കസ്റ്റഡിയിൽ എടുത്തുവെന്നും സൂചനയുണ്ട്.
എന്നാൽ മാലിന്യപ്പെപ്പുകൾ കടന്നു പോകുന്ന ഡക്‌റ്റിലൂടെ ആക്രമി അകത്ത് കയറിയെന്ന സംശയവും പൊലീസിനുണ്ട്. വീടിന്റെ കിടപ്പുമുറിക്ക് സമീപമാണ് ഡക്റ്റ് സ്ഥിതി ചെയ്യുന്നത്. സിസിടിവിൽ ആക്രമിയുടെ ദൃശ്യമില്ലാത്തതാണ് സംശയം ബലപ്പെടുത്തുന്നത്.















