തിരുവന്തപുരം: കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നയപ്രഖ്യാപനത്തൊടയാണ് പതിനഞ്ചാം കേരള നിയമസഭയുടെ 13-ാം സമ്മേളനം ആരംഭിക്കുക.
ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഫെബ്രുവരി ഏഴിനു ബജറ്റ് അവതരിപ്പിക്കും.
ഈ മാസം 17 മുതൽ മാർച്ച് 28 വരെയുള്ള കാലയളവിൽ 27 ദിവസമായിരിക്കും സഭ ചേരുക. നയപ്രഖ്യാപനത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ചകൾ ജനുവരി 20 മുതൽ 22 വരെയും, സംസ്ഥാന ബജറ്റിന്മേലുള്ള ചർച്ച ഫെബ്രുവരി 10 മുതൽ 12 വരെയും നടക്കുമെന്ന് സ്പീക്കർ എ.എൻ ഷംസീർ അറിയിച്ചു.
പാലക്കാട്,ചേലക്കര ഉപതിരഞ്ഞെടുപ്പും പി.വി.അൻവറിന്റെ രാജിക്കും ശേഷമുള്ള ആദ്യ സമ്മേളനമാണ് ഇത്. സമ്മേളനത്തിന് പിന്നാലെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനമെത്താനും സാധ്യതയുണ്ട്. പതിവിന് വിപരീതമായി വലിയ വിവാദങ്ങൾ ഇല്ലാതെയാണ് സഭാ സമ്മേളനം ആരംഭിക്കുന്നത്. എന്നാൽ കേരള ഫിനാൻഷ്യൽ കോർപറേഷനുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ സഭയെ പ്രക്ഷുബ്ധമാക്കാനും സാധ്യതയുണ്ട്.















