തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണകാരണമായേക്കാവുന്ന മുറിവുകളോ പരിക്കുകളോ മൃതദേഹത്തിൽ ഇല്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് കൂടി ലഭിച്ചാൽ മാത്രമേേ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാകൂ. വൈകുന്നേരത്തോടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചേക്കും. തിരുവന്തപുരം മെഡിക്കൽ കോളജിലെ നടപടികൾ പൂർത്തിയായാൽ മൃതദേഹം കുടുംബത്തിന് വിട്ട് നൽകും.
ഇന്ന് രാവിലെയാണ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത്. രണ്ട് മണിക്കൂറോളമെടുത്താണ് നടപടികൾ പൂർത്തീകരിച്ചത്. മൃതദേഹം പുറത്തെടുത്ത് ടേബിളിൽ കിടത്തി ഇൻക്വസ്റ്റ് നടത്തി. ചിത്രങ്ങളെടുത്ത ശേഷമാണ് സ്ഥലത്ത് നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ആർഡിഒയും ഡോക്ടർമാരും പൊലീസിനൊപ്പം ഉണ്ടായിരുന്നു.
ജനുവരി 9ന് ഗോപൻ സ്വാമി സമാധിയായെന്ന് മക്കൾ പോസ്റ്റർ പതിച്ചതോടെയാണ് മരണ വിവരം നാട്ടുകാർ അറിഞ്ഞത്. വിവരം തിരക്കിയപ്പോൾ അച്ഛൻ സമാധിയായെന്ന് ആയിരുന്നു ഇളയ മകന്റെ മറുപടി. സമാധിയാകുന്ന കാര്യം അച്ഛന് മുൻകൂട്ടി അറിയാമായിരുന്നുവെന്നും സമാധി സ്ഥലം ഉൾപ്പെടെ മുൻകൂട്ടി നിശ്ചയിച്ചിരുന്നുവെന്നും മക്കൾ പറഞ്ഞിരുന്നു. തുടർന്നാണ് മരണത്തിൽ സംശയമുണ്ടെന്ന് കാട്ടി അയൽക്കാർ പരാതി നൽകിയത്.
കഴിഞ്ഞ ദിവസം സമാധി തുറക്കാൻ ശ്രമിച്ചെങ്കിലും വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പിന്തിരിയുകയായിരുന്നു. പിന്നീട് കല്ലറ പൊളിക്കരുത് എന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. തുടർന്നാണ് പൊലീസും ജില്ലാ ഭരണകൂടവും നടപടികളിലേക്ക് കടന്നത്.