മുംബൈ: അക്രമിയുടെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ സെയ്ഫ് അലിഖാനെ ആശുപത്രിയിൽ എത്തിച്ചത് ഓട്ടോറിക്ഷയിൽ. മൂത്തമകൻ ഇബ്രാഹിമാണ് ചോരവാർന്ന് അവശനിലയിലായ പിതാവിനെ ലീലാവതി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. നടന്റെ വീട്ടിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. പുറത്ത് വന്ന വീഡിയോയിൽ നടന്റെ ഭാര്യയും നടിയുമായ കരീന കപൂർ ഓട്ടോറിക്ഷയ്‌ക്ക് സമീപം നിൽക്കുന്നതും വീട്ടുജോലിക്കാരോട് കയർത്ത് സംസാരിക്കുന്നതും കാണാം.
After the attack at Saif Ali Khan’s Bandra West residence, he was rushed to Lilavati Hospital in an auto-rickshaw. Considering he owns several luxury cars, why was an auto chosen over an ambulance or his own car? pic.twitter.com/L353FXRwRO
— Meme Farmer (@craziestlazy) January 16, 2025
അതേസമയം അക്രമിയെ പൊലീസ് തിരിച്ചറിഞ്ഞു. അക്രമിക്ക് വീട്ടിലെ സഹായികളിൽ ഒരാളുമായി ബന്ധമുണ്ടെന്നും പോലീസ് സംശയിക്കുന്നു. പ്രതിയെ വീട്ടിനുള്ളിൽ എത്തിച്ചത് സഹായി ആണെന്നും റിപ്പോർട്ടുണ്ട്. മോഷണ ശ്രമത്തിനിടെയാണ് അക്രമമുണ്ടായത്. നടനെ കുത്തിപ്പരിക്കേല്പിച്ച ശേഷം അക്രമികൾ സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ടുവെന്നും മുംബൈ പൊലീസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് പുലർച്ചെ 2:30 ഓടെയാണ് വസതിയിൽ അതിക്രമിച്ചുകയറിയ അജ്ഞാതർ താരത്തെ കുത്തി പരിക്കേല്പിച്ചത്. വീട്ടിലെ ജോലിക്കാരെയാണ് മോഷണസംഘം ആദ്യം ആക്രമിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ സെയ്ഫ് അലി ഖാന് ജീവനക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുത്തേറ്റതെന്നാണ് സൂചന.അക്രമികൾ വീട്ടിലേക്ക് കടന്നത് ഫയർ എസ്‌കേപ്പ് ഗോവണിയിലൂടെയാണെന്നും പൊലീസ് കണ്ടെത്തി.
നിലവിൽ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ഐസിയുവിൽ കഴിയുന്ന താരം അപകടനില തരണം ചെയ്തു. വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം. കഴുത്തിലും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ താരത്തെ അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയമാക്കിയിരുന്നു.