അമ്മയെന്ന് പോലും വിളിക്കാൻ സാധിക്കാത്ത ഒരു യുവതിയുടെ ക്രൂരതയുടെ വാർത്തകളാണ് പുറത്തുവരുന്നത്. 34-കാരിയായ ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസർ ഫോളോവേഴ്സിനെ കൂട്ടാനും സാമ്പത്തിക ലാഭത്തിനുമായി സ്വന്തം കുഞ്ഞിന് വിഷം നൽകി. സംഭാവനയ്‌ക്ക് വേണ്ടി കുഞ്ഞ് വേദനയിൽ പിടയുന്ന വീഡിയോയും ചിത്രങ്ങളും ഇവർ ഇൻസ്റ്റഗ്രാമിൽ നിരന്തരമായി പങ്കുവച്ചിരുന്നു. 60000 ഡോളർ( ഏകദേശം 51 ലക്ഷം ഇന്ത്യൻ രൂപ) ഇവർ ഇത്തരത്തിൽ നേടിയെന്നാണ് പാെലീസ് പറയുന്നത്. ക്വീൻസ് ലാൻഡ് സ്വദേശിയായ ഇവരെ ലോഗനിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയുടെ സംരക്ഷണയിലായിരുന്നെങ്കിൽ കുഞ്ഞിന്റെ ജീവന് ഹാനിയുണ്ടാകാൻ സാധ്യതയേറെയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിലവിൽ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരണമാണെന്ന് ഇൻസ്പെക്ടർ ഡാൾട്ടൺ പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റ് ആറുമുതൽ ഓക്ടോബർ 15 വരെ ഒരുവയസുകാരി മകൾക്ക് ഇവർ ഗുരുതരമായ മരുന്നുകൾ നൽകിയിരുന്നു. ഡോക്ടർമാരുടെ നിർദേശമില്ലാതെയാണ് അനാവശ്യ മരുന്നുകൾ ഇവർ മകൾക്ക് നൽകിയത്. ആശുപത്രിയിലെത്തിയപ്പോഴാണ് ഡോക്ടർമാർ കുഞ്ഞിന്റെ ആരോഗ്യത്തിലും അസുഖത്തിലും സംശയം പ്രകടിപ്പിച്ചതും വിവരം പൊലീസിനെ അറിയിച്ചതും. ഗോ ഫണ്ട് മീ ഡൊണേഷൻ മുഖേനയാണ് ഇവർ പണം സ്വരുക്കൂട്ടിയത്. ഇവരെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാകും.