തിരുവനന്തപുരം: മുഖ്യമന്ത്രിയെക്കുറിച്ച് കവിത എഴുതിയപ്പോൾ വെളളത്തിൽ തിരതള്ളുന്നതുപോലെയാണ് വാക്കുകൾ വന്നതെന്ന് പുകഴ്‌ത്തുപാട്ട് എഴുതിയ ധനവകുപ്പിലെ ഉദ്യോഗസ്ഥൻ പൂവത്തൂർ ചിത്രസേനൻ. കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്കാണ് മുഖ്യമന്ത്രിയെ പുകഴ്‌ത്തി പൂവത്തൂർ ചിത്രസേനൻ പാട്ടെഴുതിയത്. പാട്ടിലെ വരികളും വാക്കുകളും വ്യാപക ട്രോളുകൾക്കും വിമർശനത്തിനും ഇടയാക്കിയതിന് പിന്നാലെയായിരുന്നു മാദ്ധ്യമങ്ങളോട് ചിത്രസേനന്റെ പ്രതികരണം.
ആദ്യം എഴുതിയത് കേക വൃത്തത്തിലായിരുന്നു. അതിന് ഒരു ഉയിരില്ലായിരുന്നു. രണ്ടാമത് ഒരു രാത്രി 2.30 മണിക്ക് ഇരുന്ന് എഴുതി. പുലർച്ചെ 5.30 നാണ് തീർന്നത്. എഴുതിയപ്പോൾ മുഖ്യമന്ത്രിയുമായി ഭയങ്കരമായി ലയിച്ചുപോയി. അയൽ സംസ്ഥാനത്തൊക്കെ പോയി പൈസ വാങ്ങി കേരള ജനതയെ ഊട്ടുന്ന ഒരു മനുഷ്യനെക്കുറിച്ച് ഒരു കവിത എഴുതിയില്ലെങ്കിൽ പിന്നെ കവിയായി നടന്നിട്ട് വല്ല കാര്യമുണ്ടോയെന്ന് ആയിരുന്നു ചിത്രസേനന്റെ ചോദ്യം.
തന്റെ അച്ഛൻ പൂവത്തൂർ ഭാർഗവൻ മഹാകവിയാണെന്നും മൂന്ന് മഹാകാവ്യം എഴുതിയിട്ടുണ്ടെന്നും ചിത്രസേനൻ പറഞ്ഞു. അച്ഛനെ മനസിൽ ധ്യാനിച്ച് പിണറായി സഖാവിനെ മനസിലിരുത്തി അങ്ങ് എഴുതി കിടിലം ആയിട്ടങ്ങ് വന്നു. ആദ്യം കേക വൃത്തത്തിലാണ് എഴുതിയത്. അങ്കണ തൈമാവിൽ നിന്ന് ആദ്യത്തെ പഴം വീഴ്‌കെ… എന്ന രീതിയിലായിരുന്നു അത്. അങ്ങനെയായാൽ ശരിയാവില്ല, ഒരു ഉയിര് വേണമെന്ന് തോന്നി. അതേക്കുറിച്ച് ചിന്തിച്ചാണ് രണ്ടാമത്തെ രീതിയിൽ എഴുതിയത്.
സുവർണജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് ഒരു കവിത വേണമെന്ന് സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റാണ് പറഞ്ഞത്. വിപ്ലവകരമായ കവിത വേണമെന്നും പറ്റുമെങ്കിൽ മുഖ്യമന്ത്രിയെക്കുറിച്ച് തന്നെ ആയിക്കോട്ടെയെന്നും പറഞ്ഞിരുന്നു. അങ്ങനെയാണ് പിണറായി വിജയനെക്കുറിച്ച് കവിത എഴുതാൻ തുടങ്ങിയതെന്നം ചിത്രസേനൻ പറയുന്നു.
ഒരു കോഴിക്ക് മുട്ടയിടണമെന്ന് തോന്നും അപ്പോൾ അത് എവിടെയെങ്കിലും പോയി മുട്ടയിടും. അതുപോലെ എനിക്ക് കവിതയെഴുതണമെന്ന് തോന്നും ഞാൻ ഏത് ആൾക്കൂട്ടത്തിൽവെച്ചും കവിതയെഴുതും ചിത്രസേനൻ പറഞ്ഞു. ഫീനിക്‌സ് പക്ഷി, ചെമ്പടയ്‌ക്ക് കാവലാൾ തുടങ്ങിയ പാട്ടിലെ പ്രയോഗങ്ങളായിരുന്നു വൈറലായത്. ഇതിന്റെ ചുവടുപിടിച്ച് സമൂഹമാദ്ധ്യമങ്ങളിൽ ട്രോളുകളും ഇറങ്ങുന്നുണ്ട്.