ന്യൂഡൽഹി: ഡൽഹി നിയസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഡൽഹി കലാപക്കേസിലെ പ്രതിയും മുൻ എഎപി കൗൺസിലറുമായ താഹിർ ഹുസൈൻ. മുസ്തഫാബാദ് മണ്ഡലത്തിൽ നിന്ന് നാമനിർദേശപത്രിക സമർപ്പിച്ച ശേഷം താഹിർ തിരികെ ജയിലിലേക്കു മടങ്ങി. ഫെബ്രുവരി 5ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള AIMIM പാർട്ടിയുടെ സ്ഥാനാർത്ഥിയായാണ് താഹിർ മത്സരിക്കുന്നത്.
ഡൽഹി കലാപവുമായി ബന്ധപ്പെട്ട കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന താഹിറിന് നാമനിർദേശ പത്രിക സമർപ്പിക്കാൻ ഡൽഹി ഹൈക്കോടതി ചൊവ്വാഴ്ച കസ്റ്റഡി പരോൾ അനുവദിച്ചിരുന്നു. തുടർന്നാണ് തീഹാർ ജയിലിൽ കഴിയുന്ന താഹിർ ഹുസൈൻ നാമനിർദേശ പത്രിക സമർപ്പിക്കാനയി പുറത്തിറങ്ങിയത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി താഹിർ ഉച്ചയ്‌ക്ക് തിരികെ ജയിലിൽ മടങ്ങിയെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഡൽഹി പൊലീസ് ഒരുക്കിയ കനത്ത സുരക്ഷയിലാണ് ഇയാളെ വിട്ടയച്ചത്.
പാർട്ടി മറ്റ് സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്നും താഹിർ ഹുസൈനെപ്പോലെയും ഷഫാ-ഉർ-റഹ്‌മാനെയും പോലെ ശക്തരായ നേതാക്കളായിരിക്കും ഇവരെന്നും എഐഎംഐഎമ്മിന്റെ ഡൽഹി പ്രസിഡൻ്റ് ഷോയിബ് ജമായ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇരു സ്ഥാനാർത്ഥികളും ഡൽഹികലാപവുമായി ബന്ധപ്പെട്ട കേസുകളിൽപെട്ട് ജയിലാണ്. 2020 ഫെബ്രുവരി 24 ന് വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന അക്രമ സംഭവങ്ങളിൽ 53 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.