ന്യൂയോർക്ക്: ഏപ്രിലിൽ ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വർഷത്തോടെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 6.7 ശതമാനം വളർച്ച കൈവരിക്കുമെന്ന് ലോകബാങ്ക്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ലോകബാങ്കിന്റെ ഗ്ലോബൽ ഇക്കണോമിക് പ്രോസ്‌പെക്‌ട് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സേവനമേഖലയിലെ സുസ്ഥിരമായ വിപുലീകരണവും ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുള്ള സർക്കാർ സംരംഭങ്ങളുടെ പിന്തുണയും അടുത്ത രണ്ട് സാമ്പത്തിക വർഷങ്ങളിലെ വളർച്ചയിൽ പ്രതിഫലിക്കും. അതേസമയം ലോകബാങ്കിന്റെ കണക്കനുസരിച്ച് ആഗോള മൊത്ത ആഭ്യന്തര ഉത്പാദന വളർച്ചാ നിരക്ക് 2023 മുതൽ 2.7 ശതമാനത്തിലാണ്. അതുകൊണ്ടുതന്നെ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ.
അതേസമയം യുഎസ്, ചൈന തുടങ്ങിയ ലോകരാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയിൽ വളർച്ചാ നിരക്ക് വരും വർഷങ്ങളിൽ കാര്യമായി കുറയുമെന്നാണ് ലോകബാങ്കിന്റെ പ്രവചനം. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ യുഎസ് കഴിഞ്ഞ വർഷം 2.8 വളർച്ച നേടിയതായി കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ ഈ വർഷം ഇത് 2.3 ശതമാനമായും അടുത്ത വർഷം 2 ശതമാനമായും കുറയും.
വ്യാപാര പ്രതിസന്ധികളും താരിഫ് വർധനവും ആഗോള സമ്പദ് വ്യവസ്ഥയെ അപകടത്തിലാക്കിയേക്കാമെന്ന് ട്രംപിന്റെ പേരെടുത്ത് പറയാതെ റിപ്പോർട്ട് പരാമർശിച്ചു. “പ്രധാന സമ്പദ്‌വ്യവസ്ഥകളിലെ പ്രതികൂലമായ വ്യാപാര നയങ്ങൾ” ഇന്ത്യയ്‌ക്ക് അപകടമുണ്ടാക്കുമെന്ന് റിപ്പോർട്ട് പറയുന്നു.















