എറണാകുളം: യുഎസ്ടി സ്ഥാപക ചെയർമാൻ ജി എ മേനോൻ പഠിച്ച വിദ്യാലയത്തിൽ സജ്ജമാക്കിയ സ്പോർട്സ് ഹബ്ബ് ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും, ഹൈബി ഈഡൻ എം.പിയും ചേർന്നാണ് ഉദ്‌ഘാടനം നിർവ്വഹിച്ചത്. സുപ്രസിദ്ധ ഫുട്ബോൾ താരം ഐ.എം. വിജയൻ മുഖ്യാതിഥിയായി.
മികച്ച കായികതാരങ്ങളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ പുതിയ സ്പോർട്സ് ഹബ്ബ് സജ്ജമാക്കിയതെന്ന് പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ്ടി പറഞ്ഞു. യുഎസ് ടിയുടെ സ്ഥാപക ചെയർമാൻ ജി.എ. മേനോൻ ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയായിരുന്നു.
നവീകരിച്ച സ്കൂൾ മൈതാനം, മഡ് ഫുട്ബോൾ കോർട്ട്, 100 മീറ്റർ, 200 മീറ്റർ അത്‌ലറ്റിക് ട്രാക്ക്, വോളീബോൾ കോർട്ട്, ലോങ്ങ് ജമ്പ് പിറ്റുകൾ, ബാഡ്മിന്റൺ കോർട്ടുകൾ എന്നിവ ഉൾപെടുന്നതാണ് കമ്പനി നിർമ്മിച്ച് കൈമാറിയ പുതിയ ജി എ മേനോൻ സ്പോർട്സ് ഹബ്ബ്. ഡെയ്ൽ വ്യൂവിന്റെ പങ്കാളിത്തത്തോടെയാണ് പദ്ധതി യാഥാർഥ്യമാക്കിയത്.
യുഎസ്ടി ചീഫ് വാല്യൂ ഓഫീസറും ഡെവലപ്മെന്റ്റ് സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ സ്പോർട്സ് ഹബ്ബ് വിദ്യാർഥികൾക്ക് കൈമാറി. തുടർന്ന് ജി.എച്ച്.എസ്.എസ്. പറവൂരും, ജി.എച്ച്.എസ്.എസ്. പുതിയകാവും തമ്മിലുള്ള പ്രദർശന ഫുട്ബോൾ മത്സരവും നടന്നു.















