മുംബൈ: നടന്റെ സെയ്ഫ് അലി ഖാന്റെ നട്ടെല്ലിൽ നിന്നും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത കത്തിയുടെ ചിത്രം പുറത്ത്. കത്തി 2 മില്ലീമീറ്റർ കൂടി ആഴത്തിൽ എത്തിയിരുന്നെങ്കിൽ സ്ഥിതി ഗുരുതരമാകുമായിരുന്നു എന്ന് ലീലാവതി ആശുപത്രി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ നിരജ് ഉത്തമനി പറഞ്ഞു.
രക്തത്തിൽ കുളിച്ചു നിൽക്കുമ്പോഴും സിംഹത്തെപ്പോലെ ആശുപത്രിയിലേക്ക് എത്തിയ നടൻ “യഥാർത്ഥ ഹീറോ” ആണെന്നും ഉത്തമനി കൂട്ടിച്ചേർത്തു. ഒരു സ്ട്രെച്ചർ പോലും അദ്ദേഹം ഉപയോഗിച്ചിട്ടില്ലെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെ നടനെ ഐസിയുവിൽ നിന്നും പ്രത്യേക മുറിയിലേക്ക് മാറ്റി. മുറിവ് ആഴത്തിലുള്ളതാണ്. വിശ്രമം ആവശ്യമായതിനാൽ സന്ദർശകരെ നിയന്ത്രിക്കും. കത്തിയുടെ ഭാഗം പുറത്തെടുക്കാനാണ് അടിയന്തര ശസ്ത്രക്രിയ നടത്തിയതെന്നും ന്യൂറോ സർജൻ ഡോ നിതിൻ ഡാങ്കേ പറഞ്ഞു.
അതേസമയം അക്രമിയെ മുംബൈ പൊലീസ് ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തു. നടന്റെ വീട്ടിൽ മരപ്പണിക്ക് എത്തിയ ആളെയാണ് പിടികൂടിയത്. ബാന്ദ്രാ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിയെ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കവർച്ച, അതിക്രമിച്ച് കടക്കൽ, ഗുരുതരമായി പരിക്കേൽപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് മുംബൈ പൊലീസ് കേസെടുത്തിരിക്കുന്നത്.















