തിയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന രേഖാചിത്രത്തിന്റെ സക്സസ് ടീസർ പങ്കുവച്ച് ആസിഫ് അലി. താരത്തിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ടീസർ പങ്കുവച്ചത്. സിനിമയിൽ അഭിനയിക്കണമെന്ന സ്വപ്നവുമായി ജീവിക്കുന്ന ഒരു പെൺകുട്ടിയുടെ കഥ പറയുന്ന സിനിമയാണ് രേഖാചിത്രം. തിയേറ്ററിലെത്തിയ ആദ്യദിവസം തന്നെ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിച്ചത്.
നടൻ മമ്മൂട്ടിക്കുള്ള ഉഗ്രൻ ട്രിബ്യൂട്ട് എന്നാണ് പ്രേക്ഷകർ രേഖാചിത്രത്തെ വിശേഷിപ്പിക്കുന്നത്. വിന്റേജ് ലുക്കിലെത്തുന്ന അനശ്വര രാജന്റെയും പൊലീസ് വേഷത്തിലെത്തുന്ന ആസിഫ് അലിയുടെയും പ്രകടനത്തെ കുറിച്ചും മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ പങ്കുവക്കുന്നത്.
മലയാളത്തില്‍ അപൂര്‍വമായ ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ എത്തിയ ഒരു മിസ്റ്ററി ക്രൈം ഡ്രാമയാണിത്. മമ്മൂട്ടി നയകനായ ദി പ്രീസ്റ്റിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രം സസ്പെൻസ് ത്രില്ലറായാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്.
80-കളിലെ ലുക്കിലാണ് അനശ്വര എത്തുന്നത്. 2025-ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ എന്ന വിശേഷണവും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങൾ ചെയ്യുന്നുണ്ട്.















