സിനിമയിലേക്ക് വരുന്നതിന് മുമ്പ് സിനിമാ മേഖലയെ കുറിച്ച് മോശമായ കാര്യങ്ങളാണ് കേട്ടിരുന്നതെന്ന് നടി അനശ്വര രാജൻ. സിനിമയിലുള്ളവരെല്ലാം മോശമാണെന്നാണ് കരുതിയിരുന്നതെന്നും കുടുംബത്തിലെ ഒരാൾക്ക് പോലും താൻ സിനിമയിലേക്ക് വരുന്നത് ഒട്ടും ഇഷ്ടമില്ലായിരുന്നെന്നും അനശ്വര രാജൻ പറഞ്ഞു. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്.
“പഠിക്കുന്ന സമയത്ത് മോണോആക്ടിലും തെരുവുനാടകത്തിലും ഞാൻ അഭിനയിച്ചിട്ടുണ്ട്. അന്നൊന്നും സിനിമയെ കുറിച്ച് ചിന്തിച്ചിരുന്നില്ല. സിനിമയിൽ ഉള്ളവരെല്ലാം മോശമാണെന്നാണ് ഞാൻ കരുതിയിരുന്നത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഉദാഹരണം സുജാതയ്‌ക്ക് വേണ്ടി എന്നെ ഒഡീഷന് വിളിച്ചത്. പോകേണ്ടെന്ന് കുടുംബത്തിലുള്ള എല്ലാവരും എന്നോട് പറഞ്ഞു. അന്ന് അച്ഛനും അമ്മയ്‌ക്കും വരാൻ പറ്റില്ലായിരുന്നു. പിന്നെ ആർക്കും താത്പര്യവുമില്ലായിരുന്നു. ഒന്ന് പോയി നോക്കാമെന്ന് അന്ന് ചേച്ചിയാണ് പറഞ്ഞത്. അങ്ങനെ പോയതാണ്”.
“ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ സ്കൂളിലേക്ക് തിരികെ വരാൻ എനിക്ക് തോന്നിയില്ല. ഒട്ടും ഇഷ്ടമില്ലാതെയാണ് സ്കൂളിൽ പോയത്. എന്നോടൊപ്പം കൂട്ടുകൂടരുതെന്ന് എന്റെ ഫ്രണ്ട്സിനോട് ടീച്ചേഴ്സ് പറഞ്ഞിരുന്നു. മാർക്ക് കുറഞ്ഞാൽ, നിനക്ക് ഇനി പഠിക്കേണ്ട ആവശ്യമില്ലല്ലോ എന്നാണ് പറയുന്നത്. അനശ്വരയോടൊപ്പം കറങ്ങണ്ടെന്ന് മക്കളോട് പറയണമെന്ന് അവരുടെ അമ്മമാരോട് പറഞ്ഞിട്ടുണ്ട്. അവളുടെ ജീവിതം അവൾ സെറ്റാക്കിയിട്ടുണ്ട്. നിങ്ങളുടെ മക്കളുടെ കാര്യം നിങ്ങൾ നോക്കണം എന്നൊക്കെ ടീച്ചർമാർ പറഞ്ഞിരുന്നു. സ്കൂളിൽ എന്നെ ഒറ്റപ്പെടുത്തുമായിരുന്നു. അതൊക്കെ എന്നെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട്”.
“ഒരു കല്യാണത്തിന് പോയപ്പോൾ ഫോട്ടോ എടുക്കാൻ ഞാൻ മടിച്ച് നിന്നിരുന്നു. കാരണം എനിക്ക് അതൊന്നും ഇഷ്ടമില്ലായിരുന്നു. അതിന് താരജാഡയുള്ളവൾ എന്ന് പലരും എന്നെ വിളിച്ചു. എന്നെ കുറിച്ച് വലിയൊരു പോസ്റ്റും ആരോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. അന്ന് എനിക്ക് 15 വയസ് മാത്രമാണ് ഉണ്ടായിരുന്നതെന്നും” അനശ്വര രാജൻ പറഞ്ഞു.