ദിലീഷ് പോത്തനും ജാഫർ ഇടുക്കിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം അം അഃ -യുടെ ട്രെയിലർ പുറത്തിറങ്ങി. പൃഥ്വിരാജിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തത്. സസ്പെൻസ് ത്രില്ലറായാണ് ചിത്രം എത്തുന്നത്. മായാ ബസാർ, ജമ്‌നാപ്യാരി, ഗൂഢാലോചന എന്നീ ചിത്രങ്ങൾക്ക് ശേഷം തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
അധികം ജനവാസമില്ലാത്ത ഒരു ഗ്രാമത്തിലേക്ക് റോഡ് പണിക്കായി എത്തുന്ന സ്റ്റീഫൻ എന്ന സൂപ്പർവൈസറയാണ് ദിലീഷ് പോത്തൻ എത്തുന്നത്. പ്രദേശത്തുള്ള ഒരു ജനപ്രതിനിധിയുടെ വേഷമാണ് ജാഫർ ഇടുക്കിയുടേത്. മലയോര പ്രദേശത്തുണ്ടാകുന്ന അമാനുഷികമായ ചില സംഭവങ്ങളെ കുറിച്ച് പറയുന്ന ചിത്രമാണ് അം അഃ എന്നാണ് ട്രെയിലറിൽ നിന്ന് വ്യക്തമാവുന്നത്.
പ്രേക്ഷകർക്ക് ഏറെ ആകാംക്ഷയൊരുക്കുന്ന ട്രെയിലർ തന്നെയാണ് പുറത്തെത്തിയിരിക്കുന്നത്. അലൻസിയർ, ടി ജി രവി, രഘുനാഥ് പാലേരി, തമിഴ് താരം ദേവദർശിനി, മീര വാസുദേവ്, ശ്രുതി ജയൻ, മാല പാർവതി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.















