മോഷണശ്രമം തടയുന്നതിനിടെ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം എല്ലാവരെയും ഞെട്ടിച്ചുവെന്ന് നടൻ ഷാഹിദ് കപൂർ. അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ഷാഹിദ് കപൂർ പറഞ്ഞു. താരത്തിന്റെ പുതിയ ചിത്രം ദേവയുടെ ട്രെയിലർ ലോഞ്ചിനിടെയാണ് സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ടതിനെ കുറിച്ച് ഷാഹിദ് ആശങ്ക പ്രകടിപ്പിച്ചത്.
“ഒരാളുടെ തികച്ചും സ്വകാര്യമായ ഇടത്തിൽ ഇത്തരമൊരു സംഭവം ഉണ്ടായത് ഞെട്ടിക്കുന്നതാണ്. സംഭവത്തിൽ എല്ലാവർക്കും ആശങ്കയുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ മെച്ചപ്പെട്ടുവരികയാണെന്നാണ് അറിയാൻ സാധിച്ചത്. പൊതുവെ സുരക്ഷിതമാണെന്ന് കരുതുന്ന ഒരു സ്ഥലത്തുണ്ടായ ഈ സംഭവം ഉൾക്കൊള്ളാൻ കഴിയുന്നില്ല. അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും” ഷാഹിദ് കപൂർ പറഞ്ഞു.
ബാന്ദ്രയിലെ വസതിയിൽ മോഷണശ്രമം തടയുന്നതിനിടെ ആറ് കുത്തുകളേറ്റ സെയ്ഫ് അലി ഖാനെ ശസ്ത്രക്രിയയ്‌ക്ക് വിധേയമാക്കിയിരുന്നു. 2.5 ഇഞ്ച് നീളമുള്ള കത്തിയാണ് ശസ്ത്രക്രിയയിൽ പുറത്തെടുത്തത്. മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സയിലുള്ള സെയ്ഫ് അലി ഖാന്റെ ആരോഗ്യാവസ്ഥയിൽ മാറ്റമുണ്ട്. ചികിത്സയിൽ കഴിയുന്ന സെയ്ഫ് നടക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഒരാഴ്ചത്തെ വിശ്രമം ആവശ്യമാണെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.















