ഭോപ്പാൽ: രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാവപ്പെട്ട ആളുകൾക്ക് നീതി ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും രാജ്യം വിടുന്ന പിടികിട്ടാപ്പുള്ളികൾ ഒളിവിലിരിക്കെ തന്നെ വിചാരണ ആരംഭിക്കുമെന്നും അമിത് ഷാ പറഞ്ഞു. മദ്ധ്യപ്രദേശ് സർക്കാരിന്റെ പ്രതിനിധി സംഘവുമായി നടത്തിയ അവലോകന യോഗത്തിലാണ് അമിത് ഷാ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസുകളിൽ ഏറെ കാലമായി ഒളിവിൽ കഴിയുന്ന പ്രതികൾക്കെതിരെ വിചാരണ ആരംഭിക്കണം. ഒളിവിൽ കഴിയുന്ന കുറ്റവാളികൾക്കെതിരെ നടപടിയെടുക്കാൻ സാധിക്കുമെന്ന് ഇന്ത്യൻ നിയമവ്യവസ്ഥയിൽ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പാക്കുന്നതിൽ മദ്ധ്യപ്രദേശ് സർക്കാർ ഇതുവരെ നടത്തിയ പ്രവർത്തനങ്ങളെ അമിത് ഷാ അഭിനന്ദിച്ചു.
ഭീകരവാദം, ക്രിമിനൽ കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ആ വകുപ്പുകൾ പ്രസ്തുത കേസിന് യോഗ്യമാണോ എന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വിലയിരുത്തണം. ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ്‌വർക്ക് സിസ്റ്റങ്ങൾ ഉപയോഗിച്ച് രണ്ട് സംസ്ഥാനങ്ങൾ പരസ്പരം എഫ്ഐആർ കൈമാറുന്നതിനുള്ള ഒരു സംവിധാനം സ്ഥാപിക്കേണ്ടതുണ്ട്. എല്ലാ ജില്ലയിലും ഒന്നിലധികം ഫോറൻസിക് സയൻസ് മൊബൈൽ വാനുകളുടെ ലഭ്യത ഉറപ്പാക്കണം.
വീഡിയോ കോൺഫറൻസിലൂടെ ആശുപത്രികളിൽ നിന്നും ജയിലുകളിൽ നിന്നും പ്രതികളുടെ മൊഴി രേഖപ്പെടുത്തുന്നതിന് മതിയായ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്ത വ്യക്തികളെ കുറിച്ചുള്ള വിവരങ്ങൾ രേഖാമൂലം സൂക്ഷിക്കണം. ഇക്കാര്യങ്ങൾ തുടർച്ചയായി സംസ്ഥാന പൊലീസ് മേധാവി തുടർച്ചയായി നിരീക്ഷിക്കണമെന്നും അമിത് ഷാ നിർദേശിച്ചു.