തിരക്ക് പിടിച്ച അഭിഭാഷക, രാഷ്‌ട്രീയ ജീവിതത്തിനിടയിലും എഴുത്തിനെ നെഞ്ചോട് ചേർക്കുന്നയാളാണ് ഗോവ ഗവർണറും മലയാളിയുമായ പിഎസ് ശ്രീധരൻ പിള്ള. അദ്ദേഹമെഴുതിയ 250 പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിക്ക് സമ്മാനിച്ചിരിക്കുകയാണ് ശ്രീധരൻപിള്ള. മൂവാറ്റുപുഴ വീട്ടൂർ എബനേസർ ഹയർ സെക്കണ്ടറി സ്കൂളിന്റെ ഡയമണ്ട് ജൂബിലി സമാപന സമ്മേളനത്തോട് അനുബന്ധിച്ചായിരുന്നു ചടങ്ങ്. ‘സൗഗ്രന്ഥികം’ എന്ന് പേരിട്ടിരിക്കുന്ന നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു ഗവർണർ താനെഴുതിയ മുഴുവൻ പുസ്തകങ്ങളും ഒരു സ്കൂളിന് സൗജന്യമായി നൽകുന്നത്. സാഹിത്യ അക്കാദമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണനും തന്റെ പുസ്തകശേഖരവും പ്രമുഖ സാഹിത്യകാരന്മാർ എഴുതിയ കയ്യെഴുത്തുപ്രതികളും സ്കൂളിന് സമ്മാനിച്ചു. മലയാള ഭാഷയിൽ അച്ചടിക്കപ്പെട്ട ലോകത്തിലെ ഏറ്റവും ചെറിയ പുസ്തകമായ രസരസിക ഉൾപ്പടെയുള്ള പുസ്ക ശേഖരമാണ് പായിപ്ര രാധാ കൃഷ്ണൻ സമ്മാനിച്ചത്.
സത്യത്തിന്റെയും ധർമത്തിന്റെയും തനിമ നഷ്ടപ്പെടാത്ത തലമുറയെ വാർത്തെടുക്കാൻ സാധിക്കുന്നതാകണം വിദ്യാഭ്യാസമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്കും ഗവർണർ ഉത്തരം നൽകി.















