ലക്നൗ: മഹാകുംഭമേളയുടെ നടത്തിപ്പിൽ യോഗി സർക്കാരിനെ പ്രശംസിച്ച് രാകേഷ് ടികായത്ത്. കോടിക്കണക്കിന് ആളുകൾ സംഗമിക്കുന്ന മഹാകുംഭമേളയുടെ ക്രമീകരണങ്ങൾ അതിശയിപ്പിക്കുന്നതാണ് സ്നാനത്തിന് ശേഷം രാകേഷ് ടികായത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.
യോഗി ആദിത്യനാഥിന്റെ സർക്കാർ മഹത്തതായ കാര്യമാണ് ചെയ്തത്. സുരക്ഷയുടെയും ശുചിത്വത്തിന്റെയും മേളയാണിത്. കുംഭമേളയ്‌ക്കെതിരായ അഖിലേഷ് യാദവിന്റെ ആരോപണങ്ങൾ പ്രസക്തിയില്ല. രാഷ്രീയം മാറ്റിനിർത്തി അദ്ദേഹവും ഇതിന്റെ ഭാഗമാകണം. ത്രിവേണിയിൽ സ്‌നാനം ചെയ്യണം. ട്രെയിനും ബസും ടോളും സൗജന്യമാണെന്നും ആഗ്രഹിക്കുന്ന ആർക്കും കുഭമേളയിൽ വരാമെന്നും ടികായത്ത് പറഞ്ഞു.
മഹാകുംഭമേളയുടെ ആറാം ദിവസമായ ശനിയാഴ്ച വരെ 19 കോടിയിലധികം പേരാണ് ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്തത്. മഹാകുംഭമേളയിൽ പങ്കെടുക്കാൻ നിരവധി വിദേശികളും എത്തുന്നുണ്ട്. ഇതിന് പുറമേ വിദേശകാര്യ മന്ത്രാലയത്തിന്റെ ക്ഷണപ്രകാരം 10 രാജ്യങ്ങളിൽ നിന്നുള്ള 21 അംഗസംഘം പുണ്യസ്നാനത്തിനായി പ്രയാഗ്‌രാജിലെത്തിയിരുന്നു.
പ്രയാഗ്‌രാജിൽ ശക്തമായ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. . തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നൂതന സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. തിരക്കുള്ള എല്ലാ പ്രദേശങ്ങളിലും കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെയും ഡ്രോണുകളും വിന്യസിച്ചു. സംശയാസ്പദമായി തോന്നുന്ന വ്യക്തികളെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.















