ചാമ്പ്യൻസ് ട്രോഫിക്കും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യ ടീമിനെയും പ്രഖ്യാപിച്ചു. രോഹിത് ശർമയാകും ടീമിനെ നയിക്കുക. ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റനാകും. ഇരു ടീമിലും സഞ്ജു സാംസൺ ഇടപിടിച്ചില്ല.
യശസ്വി ജയ്‌സ്വാൾ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, ഋഷഭ് പന്ത് , കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ് എന്നിവരാണ് ടീമിലെ അംഗങ്ങൾ.
മുഹമ്മദ് സിറാജിനെയും ടീമിൽ നിന്ന് ഒഴിവാക്കി. പരിക്കിന്റെ ആശങ്കയുണ്ടെങ്കിലും ജസ്പ്രീത് ബുംറയുടെ ടീമിൽ ഇടം നേടി. ബുമ്ര കളിക്കുന്ന കാര്യത്തിൽ ഉറപ്പില്ലെന്നും രോഹിത് ശർമ വ്യക്തമാക്കി. ബുംറയുടെ ബാക്കപ്പായി ഹർഷിത് റാണയെ ഇംഗ്ലണ്ട് ഏകദിന പരമ്പരയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ച വച്ച കരുൺ നായർ ടീമിൽ ഇടം നേടിയില്ല.
ഇംഗ്ലണ്ട് പരമ്പരയ്‌ക്ക് ഉള്ള ടീമിൽ മാത്രമാണ് ഹർഷിത് റാണയെ ഉൾപ്പെടുത്തിയത്. ഷമി ടീമിലേക്ക് തിരിച്ചെത്തിയപ്പോൾ മുഹമ്മദ് സിറാജിനെ പരിഗണിച്ചില്ല. ഓൾ റൗണ്ടർമാരായി വാഷിംഗ്ടൺ സുന്ദറും അക്സർ പട്ടേലും രവീന്ദ്ര ജഡേജയും ടീമിലെത്തി. സ്പെഷ്യലിസ്റ്റ് സ്പിന്നറായി കുൽദീപ് യാദവിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ക്യാപ്റ്റൻ രോഹിത് ശർമയും മുഖ്യ സെലക്ടർ അജിത് അഗാർക്കറും ചേർന്നാണ് ടീമിനെ തെരഞ്ഞെടുത്തത്.















