ന്യൂഡൽഹി: ഒരു വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളായി മാരുതി സുസുക്കി മാറുമെന്ന് മാനേജിംഗ് ഡയറക്ടർ ഹിസാഷി ടകൂച്ചി. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ കമ്പനിയുടെ ആദ്യത്തെ ഇലക്ട്രിക് കാർ ഇ-വിതാര അവതരിപ്പിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം.
നിലവിൽ 2.5 ലക്ഷം യൂണിറ്റുകൾ നിർമിക്കാൻ ശേഷിയുള്ള മൂന്ന് ലൈനുകൾ ഉണ്ടെന്നും അടുത്ത ലക്ഷ്യം ഇവി മേഖലയാണെന്നും കമ്പനി അറിയിച്ചു. പ്രതിവർഷം എത്ര യൂണിറ്റ് ഇലി പുറത്തിറക്കുമെന്നത് സംബന്ധിച്ച് വിവരങ്ങൾ ഹിസാഷി ടകൂച്ചി പുറത്തുവിട്ടില്ല. ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ചില പ്രധാന വിപണികളിലേക്ക് ഇ-വിതാര കയറ്റുമതി ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിന് വേണ്ടിയുള്ളതാണ് ഇ-വിതാര. പല രാജ്യങ്ങളും ഇതിനായുള്ള കാത്തിരിപ്പിലായിരുന്നുവെന്നും അദ്ദേഹം എക്സ്‍പോയിൽ പറഞ്ഞു.
ഇന്ത്യയിൽ ഇ-വിതാര നിർമിക്കുന്നതിനായി 2,100 കോടിയിലധികം രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. മറ്റെല്ലാ നിർമാതാക്കളും ഇവി വിപണിയെ ഉയർത്താൻ ശ്രമിക്കുമ്പോൾ മാരുതി സുസുക്കി ഉപഭോക്താവിന്റെ ഉത്കണ്ഠകൾ അകറ്റാനാണ് ശ്രമിക്കുന്നത്. റേഞ്ചിനെ കുറിച്ച് ആശങ്കകൾ ഉണ്ടാകാം, ചാർജിംഗിനെ കുറിച്ച് ആശങ്ക ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ 100 നഗരങ്ങളിൽ പ്രാരംഭ ഘട്ടത്തിൽ ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം ഇന്ത്യയിൽ 99,165 ഇലക്ട്രിക് കാറുകളാണ് ഇന്ത്യയിൽ വിറ്റഴിഞ്ഞത്. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡിലേഴ്സ് അസോസിയേഷന്റെ (FADA) കണക്കുകൾ പ്രകാരം 20 ശതമാനത്തിന്റെ വളർച്ചയാണ് വിൽപനയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 62 ശതമാനം ഓഹരിയോടെ ടാറ്റാ മോട്ടോഴ്സാണ് ഇന്ത്യൻ ഇവി വിപണിയിലെ വമ്പൻ. ആഭ്യന്തര പാസഞ്ചർ വാഹന വിപണിയിൽ 41 ശതമാനം വിഹിതമുള്ള MSIL (മാരുതി സുസുക്കി ഇന്ത്യ) ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളാണ്.