ടെൽ അവീവ്: ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. പ്രാദേശിക സമയം രാവിലെ 8.30 മുതലാകും (ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 12 മണി) സമാധാന കരാർ പ്രാബല്യത്തിൽ വരിക. ആറ് മണിക്കൂറിലധികം നീണ്ട ചർച്ചകൾക്കൊടുവിലാണ് കരാർ ഇസ്രായേൽ മന്ത്രിസഭ അംഗീകരിച്ചത്.
വെടിനിർത്തൽ കരാർ താത്കാലികം മാത്രമാണെന്നും ഹമാസ് ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ പോരാട്ടം തുടരുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. ലബനനിലും സിറിയയിലും ഇസ്രായേലിനുണ്ടായ സൈനിക വിജയമാണ് ഹമാസിനെ വെടിനിർത്തലിന് പ്രേരിപ്പിച്ചത്. മോചിപ്പിക്കുന്ന ബന്ദികളുടെ വിവരങ്ങൾ ഹമാസ് ഇതുവരെ നൽകിയില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പ്.
യുഎസ് നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കരാർ പ്രകാരം ബന്ദികളാക്കപ്പെട്ട 33 ഇസ്രായേൽ പൗരന്മാരെ ഹമാസ് മോചിപ്പിക്കുമ്പോൾ വിവിധ ജയിലുകളിലായി തടവിലാക്കപ്പെട്ട 2,000 പാലസ്തീൻ പൗരന്മാരെയാകും ഇസ്രായേൽ മോചിപ്പിക്കുക. ആറാഴ്ച നീണ്ട് നിൽക്കുന്നതാണ് ഒന്നാം ഘട്ടം.
മോചിപ്പിക്കുന്ന 33 പേരുടെ പേരുവിവരങ്ങൾ മോചനത്തിന് 24 മണിക്കൂർ മുൻപ് വിവരങ്ങൾ നൽകേണ്ടതാണെന്നും എന്നാൽ ഹമാസിന്റെ ഭാഗത്ത് നിന്ന് അതുണ്ടായില്ല. കരാർ ലംഘനങ്ങൾ അനുവദിക്കില്ലെന്നും എക്സിലൂടെ വ്യക്തമാക്കിയിരുന്നു.