മുംബൈ: നടൻ സെയ്ഫ് അലി ഖാനെ വീട്ടിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ച
കേസിലെ പ്രതി ബംഗ്ലാദേശ് സ്വദേശിയെന്ന് മുംബൈ പൊലീസ്. 30 വയസുള്ള മുഹമ്മദ് ഷെരീഫുൾ ഇസ്ലാം ആണ് പ്രതി. പൗരത്വം തെളിയിക്കുന്ന പ്രാഥമിക തെളിവുകൾ ലഭിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി.
വിജയ് ദാസ് എന്ന പേരിൽ ഇന്ത്യൻ പൗരനെന്ന വ്യാജേനയാണ് ഇന്ത്യയിൽ കഴിഞ്ഞിരുന്നത്. എന്നാൽ ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കുന്ന രേഖകളൊന്നും പ്രതിയുടെ കൈവശമില്ല. ഇയാളുടെ കൈവശമുള്ള തിരിച്ചറിയൽ രേഖകൾ വ്യാജമാണെന്നും പൊലീസ് അറിയിച്ചു. ഹൗസ് കീപ്പിംഗ് ഏജൻസിയിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. കുറ്റകൃത്യത്തിന്റെ ലക്ഷ്യത്തെ കുറിച്ച് അന്വേഷിക്കണമെന്നും എസിപി പറഞ്ഞു.
ഇന്നലെ ഛത്തീസ്ഗഡിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജ്ഞാനേശ്വരി എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ, ജനറൽ കോച്ചിൽ നിന്ന് ആർപിഎഫ് ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്. മുംബൈ പൊലീസിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
മുംബൈ ബാന്ദ്രയിലെ അപ്പാർട്ട്‌മെൻ്റിൽ വച്ചാണ് സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ടത്. മേഷണശ്രമം തടയുന്നതിനിടെയായിരുന്നു ആക്രമണം. കഴുത്തിലും കൈയിലും നട്ടെല്ലിലും ആഴത്തിൽ മുറിവേേറ്റ താരം ശസ്ത്രക്രിയകൾക്ക് ശേഷം ഐസിയുവിൽ നിരീക്ഷത്തിൽ തുടരുകയാണ്.