ചണ്ഡിഗഡ്: ഒളിമ്പ്യനും ഷൂട്ടിംഗ് താരവുമായ മനു ഭാക്കറിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. കുടുംബാംഗങ്ങളായ രണ്ട് പേർ മരിച്ചെന്നാണ് വിവരം. ദേശീയ മാദ്ധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. മനുവിന്റെ മാതൃസഹോദരനും മാതൃമാതാവുമാണ് അപകടത്തിൽ മരിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്.
ഹരിയാനയിലെ ചർഖി ദാദ്രിയിൽ വച്ചാണ് അപകടമുണ്ടായത്. മനുവിന്റെ ബന്ധുക്കൾ സഞ്ചരിച്ച ഇരുചക്രവാഹനം കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് ബൈക്കിലുണ്ടായിരുന്ന രണ്ട് പേരും മരിച്ചു. കാർ ഡ്രൈവർ ഒളിവിലാണ്. അപകടത്തെക്കുറിച്ച് മനുവിന്റെ ബന്ധുക്കളുടെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായിട്ടില്ല.
2024ലെ പാരിസ് ഒളിമ്പിക്സിൽ രണ്ട് വെങ്കലമെഡലുകൾ നേടി ചരിത്രം സൃഷ്ടിച്ച ഷൂട്ടിംഗ് താരമാണ് മനു ഭാക്കർ. കഴിഞ്ഞ ദിവസം മേജർ ധ്യാൻ ചന്ദ് പുരസ്കാരവും ഷൂട്ടിംഗ് താരം ഏറ്റുവാങ്ങിയിരുന്നു.