എറണാകുളം: കുസാറ്റിൽ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലുംപെട്ട് 4 പേർ മരിച്ച സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. മൂന്നു പേരെയാണ് കുറ്റപത്രത്തിൽ പ്രതി ചേർത്തിരിക്കുന്നത്. മുൻ പ്രിൻസിപ്പൽ ദീപക് കുമാർ സാഹു, അദ്ധ്യാപകരായ ഗിരീഷ് കുമാർ തമ്പി, എൻ ബിജു എന്നിവരാണ് പ്രതികൾ. ഇവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി. രജിസ്ട്രാറെ പ്രതി ചേർക്കേണ്ട സാഹചര്യമില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
പൊലീസ് സുരക്ഷ ആവശ്യപ്പെട്ടുള്ള കത്ത് കൈമാറുന്നതിൽ വീഴ്ച വരുത്തിയെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘം കളമശ്ശേരി മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
2023 നവംബർ 25നാണ് അപകടം ഉണ്ടായത്. എഞ്ചിനീയറിംഗ് വിഭാഗം സംഘടിപ്പിച്ച സംഗീത നിശയ്‌ക്കിടെയായിരുന്നു ദുരന്തം. അപകടം നടന്ന് ഒരു വർഷത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിക്കപ്പെട്ടത്. തിരക്ക് നിയന്ത്രിക്കാൻ കൃത്യമായ സംവിധാനങ്ങൾ ഇല്ലാതിരുന്നതായിരുന്നു ദുരന്തത്തിലേക്ക് വഴിവെക്കാൻ കാരണം.















