കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ സ്റ്റേജിൽ നിന്ന് താഴെ വീണ് ആശുപത്രിയിൽ കഴിയുന്ന തൃക്കാക്കര എംഎൽഎ ഉമ തോമസിനെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സന്ദർശിച്ചു. പാലാരിവട്ടം റിനെ മെഡിസിറ്റിയിൽ എത്തിയ ഗവർണർ എംഎൽഎയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദിച്ചറിഞ്ഞു.
ചികിത്സാ വിവരങ്ങൾ ഉൾപ്പെടെ അന്വേഷിച്ച് എത്രയും വേഗം സുഖമാകട്ടെയെന്ന് ആശംസിച്ചാണ് ഗവർണർ മടങ്ങിയത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും ആശുപത്രിയിലെത്തി ഉമ തോമസിനെ കണ്ടിരുന്നു.
കലൂർ സ്‌റ്റേഡിയത്തിൽ ഗിന്നസ് അവാർഡ് ലക്ഷ്യമിട്ട് നടത്തിയ നൃത്ത പരിപാടിക്കിടെയാണ് ഉമ തോമസിന് സ്‌റ്റേജിൽ നിന്ന് വീണ് പരിക്കേറ്റത്. മുകളിൽ ഉയർത്തിക്കെട്ടിയിരുന്ന താൽക്കാലിക സ്റ്റേജിൽ നിന്നും കാൽ വഴുതി നിലത്തേക്ക് വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ നിലയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിന് ചതവും ക്ഷതവും ഉണ്ടാകുകയും തലച്ചോറിനും നട്ടെല്ലിനും പരിക്കേൽക്കുകയും ചെയ്തിരുന്നു. നിലവിൽ ആരോഗ്യസ്ഥിതിയിൽ ഏറെ പുരോഗതിയുണ്ടെന്നാണ് ചികിത്സിക്കുന്ന ഡോക്ടർമാർ വ്യക്തമാക്കുന്നത്.















