തിരുവനന്തപുരം: ഷാരോൺ കൊലക്കേസിൽ പ്രതി ഗ്രീഷ്മയ്‌ക്ക് വധശിക്ഷ വിധിച്ചതിൽ സംതൃപ്തരാണെന്ന് ഷാരോണിന്റെ കുടുംബം. “എന്റെ പൊന്നുമോന് നീതി കിട്ടി. വിധിയിൽ പൂർണ തൃപ്തരാണ്. നിഷ്കളങ്കനായ എന്റെ പൊന്നുമോന്റെ നിലവിളി ദൈവം കേട്ടു. നീതിമാനായ ജഡ്ജിയിലൂടെ ദൈവം ഇറങ്ങിവന്നുവെന്നാണ് വിശ്വസിക്കുന്നത്. ഒരായിരം നന്ദി. മാതൃകാപരമായ ശിക്ഷാവിധിയാണ് ലഭിച്ചത്” – ഷാരോണിന്റെ അമ്മ പറഞ്ഞു. പ്രതീക്ഷിച്ച വിധി തന്നെയാണ് ലഭിച്ചതെന്ന് സഹോദരനും പ്രതികരിച്ചു.
സംസ്ഥാനത്ത് വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട മൂന്നാമത്തെ സ്ത്രീയാണ് ഗ്രീഷ്മ. സാഹചര്യത്തെളിവുകൾ ശക്തമായതിനാൽ ഗ്രീഷ്മയ്‌ക്കെതിരായ കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കപ്പെടുകയായിരുന്നു. കേസ് സമർത്ഥമായി അന്വേഷിച്ച കേരളാ പൊലീസിനെ കോടതി അഭിനന്ദിച്ചു.
വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട ഉത്തരവ് ഇനി ഹൈക്കോടതിയിലേക്കാണ് അയക്കുക. കീഴ്‌ക്കോടതി വിധി ഹൈക്കോടതി ശരിവച്ചാൽ ശിക്ഷ പ്രാബല്യത്തിൽ വരും. ഹൈക്കോടതിയുടെ അംഗീകാരം ലഭിച്ചാൽ മാത്രമേ പരമാവധി ശിക്ഷയായ തൂക്കുകയർ നടപ്പാക്കാൻ സാധിക്കൂ.
കാമുകനായ ഷാരോണിന് കഷായത്തിൽ വിഷം കലർത്തി കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കാമുകിയും ഒന്നാം പ്രതിയുമായ ഗ്രീഷ്മയ്‌ക്ക് വധശിക്ഷയ്‌ക്ക് പുറമേ രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോയി കൊല നടത്തിയതിന് പത്ത് വർഷം കഠിന തടവിന് പുറമേ ഒരു ലക്ഷം രൂപ പിഴയും അനുഭവിക്കണം. വിഷം കൊടുത്തതിന് അഞ്ച് വർഷം കഠിന തടവും 50,000 രൂപ പിഴയുമുണ്ട്. അന്വേഷണം വഴിതിരിച്ചുവിട്ടതിന് 2 വർഷം കഠിനതടവാണ്. മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമൽ കുമാറിന് മൂന്ന് വർഷം കഠിന തടവും 50,000 രൂപ പിഴയുമാണ് നെയ്യാറ്റിൻകര കോടതി ശിക്ഷ വിധിച്ചത്.