കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ആർജി കാർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസായി ഇതിനെ പരിഗണിക്കാനാവില്ലെന്ന വിലയിരുത്തലിലാണ് വധശിക്ഷ ഒഴിവാക്കിയത്. കൊൽക്കത്തയിലെ സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്.
ആശുപത്രിയിലെ ആളൊഴിഞ്ഞ മുറിക്കുള്ളിൽ അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി വനിതാ ഡോക്ടറെ കൊലപ്പെടുത്തിയെന്നാണ് കേസ്. സീൽദ കോടതിയിലെ സെഷൻസ് ജഡ്ജ് അനിർബൻ ദാസ് ആണ് പ്രതി സഞ്ജയ് റോയ് കുറ്റക്കാരനാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കേസിലെ ഏകപ്രതിയാണ് സഞ്ജയ് റോയ്. ജീവപര്യന്തം വിധിച്ച കോടതി, പ്രതി ജീവതാന്ത്യം വരെ ജയിലിൽ തുടരണമെന്ന് ഉത്തരവിട്ടു. 50,000 രൂപ പിഴയൊടുക്കണമെന്നും നിർദേശമുണ്ട്. കൂടാതെ, 17 ലക്ഷം രൂപ പെൺകുട്ടിയുടെ കുടുംബത്തിന് ബംഗാൾ സർക്കാർ നൽകണമെന്നും വിചാരണക്കോടതി അറിയിച്ചു. പെൺകുട്ടികളുടെ സുരക്ഷ സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണെന്നും കോടതി ഓർമിപ്പിച്ചു.
2024 ഓഗസ്റ്റ് ഒമ്പതിന് 31-കാരിയായ ഡോക്ടറെ ആശുപത്രിയുടെ സെമിനാർ മുറിയിൽ നിന്നാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഓഗസ്റ്റ് 10ന് സഞ്ജയ് റോയ് അറസ്റ്റിലായി. കൊൽക്കത്ത പൊലീസിലെ സിവിക് വൊളന്റിയറായിരുന്നു പ്രതി. താൻ നിരപരാധിയാണെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു അവസാന നിമിഷം വരെയും സഞ്ജയ് കോടതിയിൽ വാദിച്ചത്.
ഡോക്ടറുടെ കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ കൊൽക്കത്ത പൊലീസും മെഡിക്കൽ കോളേജ് അധികൃതരും ശ്രമിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. FIR രജിസ്റ്റർ ചെയ്യാൻ 14 മണിക്കൂർ വൈകിയതും കോളേജ് പ്രിൻസിപ്പൽ അഴിമതിക്കേസിൽ അകപ്പെട്ടതും ഈ കേസിൽ ചർച്ചയായി. തുടർന്ന് കേസ് സിബിഐ ഏറ്റെടുത്തതോടെയാണ് അന്വേഷണം ശക്തമായത്. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് സിബിഐ സംഘം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്.















