കൊല്ലം: സ്കൂൾ പരിസരത്ത് പത്താം ക്ലാസ് വിദ്യാർത്ഥികളെ അവശനിലയിൽ കണ്ടെത്തി. മയ്യനാട്ടെ ഒരു സ്കൂളിലെ നാല് വിദ്യാർത്ഥികളെയാണ് അവശനിലയിൽ കണ്ടത്. ഇതിൽ ഒരാൾ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ക്ലാസ്മുറിക്ക് വെളിയിൽ ആയാണ് കുട്ടികൾ കിടന്നിരുന്നത്. ഇതിൽ ഒരു വിദ്യാർത്ഥിക്ക് ഛർദ്ദിച്ചതിന് പിന്നാലെ ബോധവും നഷ്ടപ്പെട്ടു. ഒടുവിൽ അദ്ധ്യപകരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ഇതിൽ ഒരാളുടെ ആരോഗ്യസ്ഥിതി വഷളായതോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. രക്തത്തിൽ രാസലായനി കലർന്നിട്ടുണ്ടെന്നും രക്തം കട്ടപിടിക്കുന്ന തരത്തിൽ ആണെന്നും ഡോക്ടർമാർ പറയുന്നു.
സ്കൂളിനു പുറത്തുനിന്നുള്ള ചിലർ കുടിക്കാനായി എന്തോ നൽകിയെന്നാണ് കുട്ടികൾ പറയുന്നത്. ആരോഗ്യം വീണ്ടെടുത്ത മൂന്ന് കുട്ടികൾ ആശുപത്രി വിട്ടു. സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം വേണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.















