കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജിലെ ബലാത്സംഗം കൊലപാതക കേസിൽ മമത സർക്കാരിനെതിരെ കോടതിയിലും നിലപാട് ആവർത്തിച്ച് യുവ ഡോക്ടറുടെ കുടുംബം. സർക്കാരിൽ നിന്നും നഷ്ടപരിഹാരം വാങ്ങില്ലെന്ന് യുവ മാതാപിതാക്കൾ വ്യക്തമാക്കി. തങ്ങൾക്ക് നഷ്ടപരിഹാരമല്ല, നീതിയാണ് വേണ്ടതെന്നാണ് മാതാപിതാക്കൾ ജഡ്ജി അനിർബൻ ദാസിനോട് പറഞ്ഞത്.
കേസ് പരിഗണിച്ച കൊൽക്കത്ത സസീൽദാ കോടതി പ്രതി സഞ്ജയ്റോയ്‌ക്ക് ജീവിതാന്ത്യം വരെ തടവ് ശിക്ഷയാണ് വിധിച്ചത്. കൂടാതെ ബംഗാൾ സർക്കാർ 17 ലക്ഷം രൂപ കുടുംബത്തിന് നഷ്ടപരിഹാരമായി നൽകണമെന്നും ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മാതാപിതാക്കളുടെ പ്രതികരണം. ബലാത്സംഗത്തിനും കൊലപാതകത്തിനുമുള്ള നഷ്ടപരിഹാരമായി ഇത് പരിഗണിക്കരുതെന്നും നിയമ വ്യവസ്ഥകളുടെ ഭാഗമാണെന്നും ജഡ്ജി അനിർബൻ ദാസ് പറഞ്ഞു. പെൺകുട്ടികളുടെ സുരക്ഷ സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണെന്നും കോടതി ഓർമിപ്പിച്ചു.
2024 ഓഗസ്റ്റ് ഒമ്പതിനാണ് 31-കാരിയായ ഡോക്ടറെ ആശുപത്രിയുടെ സെമിനാർ മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഓഗസ്റ്റ് 10ന് സഞ്ജയ് റോയ് അറസ്റ്റിലായി. കൊൽക്കത്ത പൊലീസിലെ സിവിക് വൊളന്റിയറായിരുന്നു പ്രതി. താൻ നിരപരാധിയാണെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു സഞ്ജയ് കോടതിയിൽ വാദിച്ചത്.
ഡോക്ടറുടെ കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ കൊൽക്കത്ത പൊലീസും മെഡിക്കൽ കോളേജ് അധികൃതരും ശ്രമിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. മമത സർക്കാരിന്റെ അലംഭാവത്തിൽ മാതാപിതാക്കളും പരസ്യമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കേസ് സിബിഐക്ക് കൈമാറൻ കോടതി ഉത്തരവിട്ടത്.