പത്തനംതിട്ട: പരാതികൾക്കിട നൽകാതിരുന്ന ഒരു തീർത്ഥാടനകാലം ഭംഗിയായി പര്യവസാനിപ്പിച്ചതിന്റെ സന്തോഷത്തിലാണ് ശബരിമലയിൽ പൊലീസ് സേനയുടെ ചീഫ് കോർഡിനേറ്ററായിരുന്ന എഡിജിപി എസ്. ശ്രീജിത്ത്. ഇത് ഭഗവാൻ നൽകിയ നിയോഗമാണെന്നും അയ്യന്റെ അനുഗ്രഹം എല്ലാത്തിനും കൂടെയുണ്ടായിരുന്നുവെന്നുമാണ് അദ്ദേഹം നൽകുന്ന മറുപടി. തീർത്ഥാടനകാലം അവസാനിച്ചതിന് ശേഷം സന്നിധാനത്ത് ജനംടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭഗവാന്റെ തീരുമാനമാണ് നടന്നത്. ഞങ്ങളെല്ലാം അതിന്റെ ഉപകരണങ്ങൾ മാത്രമായിരുന്നു. ആ ഉപകരണങ്ങളാകാൻ സാധിച്ചതിൽ സന്തോഷമുണ്ട്. കൺട്രോൾ റൂമുകൾ എല്ലാം മാനേജ് ചെയ്ത ഒരു ടീം തന്നെ തനിക്കൊപ്പം ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ സന്തോഷത്തിന് അവരും കാരണമാണ്. വിവിധ ഘട്ടങ്ങളിൽ ശബരിമലയിൽ സേവനമനുഷ്ഠിച്ച പതിനയ്യായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരുടെ അധ്വാനവും ഇതിന് പിന്നിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കൺട്രോൾ റൂമുകളിൽ സേവനമനുഷ്ഠിച്ച പൊലീസുകാർ രണ്ട് മണിക്കൂറെങ്കിലും ഉറങ്ങിയിട്ടുണ്ടോയെന്ന് ചോദിച്ചാൽ സംശയമാണ്. പതിനെട്ടാം പടിയിലൂടെ ചില ഘട്ടങ്ങളിൽ ഒരു മിനിറ്റിൽ 95 ഭക്തരെ വരെ കയറ്റി വിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ സർക്കാർ വകുപ്പുകളും ദേവസ്വം ബോർഡും മന്ത്രിയും എല്ലാവരുടെയും പിന്തുണയും സഹകരണവും ഇക്കാര്യത്തിലുണ്ടായിരുന്നുവെന്നും എഡിജിപി കൂട്ടിച്ചേർത്തു.
തീർത്ഥാടകരുടെ എണ്ണം പല ഘട്ടങ്ങളിലായി കുറച്ചതും തുടക്കത്തിൽ സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കാനുള്ള തീരുമാനവും ഇത്തവണയും തീർത്ഥാടന കാലത്ത് ഭക്തർക്ക് ബുദ്ധിമുട്ടാകുമെന്ന ആശങ്ക ഉയർന്നിരുന്നു. എന്നാൽ ദർശനത്തിനെത്തിയവർക്കെല്ലാം ദർശനം സാദ്ധ്യമാക്കാനായതിന്റെ നിർവൃതിയിലാണ് പൊലീസ് സംഘം. മുക്കുഴി വഴി എത്തിയത് ഉൾപ്പെടെ 59 ലക്ഷത്തോളം ഭക്തർ എത്തിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നതെന്നും എഡിജിപി കൂട്ടിച്ചേർത്തു.















