എറണാകുളം: കൂത്താട്ടുകുളം നഗരസഭയിലെ വനിതാ കൗൺസിലറെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാല് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. ചെള്ളയ്‌ക്കപ്പടി ബ്രാഞ്ച് സെക്രട്ടറി അരുൺ.വി.മോഹൻ, കൂത്താട്ടുകുളം ടൗൺ ബ്രാഞ്ച് അംഗം ടോണി ബോബി, ചെള്ളയ്‌ക്കപ്പടി ബ്രാഞ്ച് അംഗം റിൻസ് വർഗീസ്, പൈറ്റക്കുളം ബ്രാഞ്ച് അംഗം സജിത്ത് എബ്രഹാം എന്നിവരാണ് പിടിയിലായത്. കൂടുതൽ പ്രവർത്തകർ വരും ദിവസങ്ങളിൽ അറസ്റ്റിലായേക്കും.
സിപിഎം കൂത്താട്ടുകുളം ഏരിയ സെക്രട്ടറിയും നഗരസഭ ചെയർപേഴ്സണും അടക്കം 45 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ശനിയാഴ്ചയാണ് സിപിഎം കൗൺസിലറായ കലാ രാജുവിനെ സിപിഎം പ്രവർത്തകർ ചേർന്ന് തട്ടിക്കൊണ്ടുപോകുന്നത്.
കൂത്താട്ടുകുളം നഗരസഭ ഭരിക്കുന്ന എൽഡിഎഫ് ഭരണ സമിതിക്കെതിരെ അവിശ്വാസം ചർച്ചയ്‌ക്ക് എടുക്കാനിരിക്കെയായിരുന്നു നാടകീയ സംഭവങ്ങൾ. നഗരസഭ ചെയർപേഴ്സ്ന്റെ ഔദ്യോഗിക വാഹനത്തിലായിരുന്നു കടത്തി കൊണ്ടുപോയത്. സംഭവത്തിൽ കലാ രാജുവിന്റെ മക്കൾ നൽകിയ പരാതിയിലാണ് പ്രതികളെ പിടികൂടിയത്.
തട്ടിക്കൊണ്ടുപോയതിന് പിന്നാലെ സഖാക്കൾ ഭീഷണി മുഴക്കിയതായും കലാ രാജും പറഞ്ഞിരുന്നു. കാൽ വെട്ടിമാറ്റുമെന്നാണ് ഭീഷണിപ്പെടുത്തിയത്. പൊതുജന മധ്യത്തിൽ വസ്ത്രാക്ഷേപമുൾപ്പടെ നടത്തിയ സിപിഎമ്മിനൊപ്പം തുടരില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. ജനപ്രതിനിധിയായ തനിക്ക് ഇതാണ് അനുഭവമെങ്കിൽ സാധാരണ സ്ത്രീകളുടെ സ്ഥിതി എന്താകും. സ്ത്രീകളുടെ മാനം കാക്കാൻ തയ്യാറാകത്തവർക്കൊപ്പം എന്തിന് നിൽക്കണമെ്നും കലാ രാജു ചോദിച്ചു.















