ചെന്നൈ: നിർമാണത്തിലിരുന്ന വീട് തകർന്നുവീണു. കോയമ്പത്തൂരിലെ രത്തിനപുരിയിലാണ് സംഭവം. കെട്ടിടത്തിന് സമീപത്ത് സ്ഥിതിചെയ്യുന്ന നദീതടത്തിൽ ഡ്രഡ്ജിംഗ് പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. കെട്ടിടം നിലംപൊത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഡ്രഡ്ജിംഗ് പ്രവർത്തനങ്ങളെ തുടർന്നുണ്ടായ മണ്ണൊലിപ്പ് കാരണമാണ് കെട്ടിടം തകർന്നുവീണതെന്ന് സമീപവാസികൾ പറഞ്ഞു. നദിയുടെ ആഴം വർദ്ധിപ്പിക്കുന്നതിന് വേണ്ടി കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്ഥലത്ത് ഡ്രഡ്ജിംഗ് പ്രവർത്തനങ്ങൾ നടന്നുവരികയാണ്. പ്രദേശത്ത് മണ്ണൊലിപ്പ് രൂക്ഷമാകുന്നതായി സമീപവാസികൾ നേരത്തെ പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കെട്ടിടം തകർന്നുവീണത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സമീപവാസികളെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്.
അപകടസാധ്യത കണക്കിലെടുത്ത് പ്രദേശത്തുള്ളവർ മാറി താമസിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഇതിനോടകം മൂന്ന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. പുതിയ വീടുകൾ നിർമിച്ചുനൽകുമെന്ന് അധികൃതർ ഉറപ്പ് നൽകിയതായും ഇനി ഇവിടെ താമസിക്കുന്നത് തങ്ങളുടെ ജീവന് തന്നെ ആപത്താണെന്നും പ്രദേശവാസി പ്രതികരിച്ചു.
എന്നാൽ, സർക്കാർ സംരക്ഷിക്കുമെന്ന പ്രതീക്ഷയുണ്ടെങ്കിലും നഷ്ടപരിഹാരം നൽകാനോ സുരക്ഷാ നടപടികൾ കൈക്കൊള്ളാനോ അധികൃതർ തയാറായിട്ടില്ല. ഡ്രഡ്ജിംഗ് പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കുറച്ച് കുടുംബത്തെ നേരത്തെ തന്നെ മാറ്റി പാർപ്പിച്ചിരുന്നു. കഴിഞ്ഞയാഴ്ച പ്രദേശത്ത് നാലുനില കെട്ടിടം തകർന്ന് മറ്റൊരു വീടിന് മുകളിലേക്ക് വീണിരുന്നു.















