ശബരിമല വരുമാനത്തിൽ വൻ വർദ്ധനവ്. 440 കോടി രൂപയാണ് ഈ മണ്ഡലകാലത്ത് വരുമാനമായി ലഭിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 80 കോടി രൂപ അധികം ഇത്തവണ ലഭിച്ചെന്ന് ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. സന്നിധാനത്തെ മാത്രം വരുമാനമാണ് 440 കോടി രൂപ. നിലയ്‌ക്കലിലെയും പമ്പയിലെയും വരുമാനം എണ്ണിത്തിട്ടപ്പെടുത്തി വരുന്നേയുള്ളുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷത്തേക്കാൾ ആറ് ലക്ഷം പേർ ഇത്തവണ ശബരിമലയിലെത്തി. ഈ വർഷം 53 ലക്ഷം ഭക്തരാണ് സന്നിധാനത്തെത്തിയത്. 1.8 ലക്ഷം ഭക്തർ ഒരു ദിവസം എത്തിയിട്ടും തിരക്ക് നിയന്ത്രിക്കാനായെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം പതിനെട്ടാം പടി മിനിറ്റിൽ 65 പേർ കയറിയിരുന്നിടത്ത് ഇത്തവണ 80- 90 പേരെ കയറ്റി വിടാനായി.
ഇത്തവണ ഒരു അയ്യപ്പഭക്തനും ദർശനം കിട്ടാതെ മടങ്ങിയില്ല. ഇടത്താവളങ്ങളുടെ പ്രവർത്തനവും മികവുറ്റതായിരുന്നു. വിജയകരമായി തീർത്ഥാടന കാലം പൂർത്തിയാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.