തിരുവനന്തപുരം: വെഞ്ഞാറമൂട് കഠിനകുളത്ത് യുവതിയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനായി തെരച്ചിൽ. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയെയാണ് പൊലീസ് തിരയുന്നത്. ഇയാൾ ആതിരയെ കൊലപ്പെടുത്തി കടന്നുകളഞ്ഞതാകാമെന്നാണ് സൂചന.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് വെഞ്ഞാറമൂട് സ്വദേശിയായ ആതിരയെ (30) വീട്ടിലെ കിടപ്പുമുറിക്കുള്ളിൽ കഴുത്തറുത്ത നിലയിൽ കണ്ടത്. പൂജാരിയായ ഭർത്താവ് രാജീവ് ക്ഷേത്രത്തിൽ നിന്ന് തിരിച്ചെത്തിയപ്പോഴാണ് ആതിരയെ മരിച്ച നിലയിൽ കണ്ടത്.
7 വർഷം മുൻപായിരുന്നു ആതിരയുടെ വിവാഹം. കഴിഞ്ഞ ഏതാനും വർഷങ്ങളായി കഠിനകുളത്താണ് ആതിരയും ഭർത്താവും മകനും താമസിച്ചിരുന്നത്. ക്ഷേത്രഭരണസമിതി നൽകിയ വാടകവീട്ടിലായിരുന്നു താമസം. ഇന്നുരാവിലെ എട്ടരയ്‌ക്ക് ആതിര തന്റെ മകനെ സ്കൂൾ ബസിൽ കയറ്റിവിട്ടിരുന്നു. ഇതിന് ശേഷമാണ് കൊലപാതകം നടന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപ് എറണാകുളത്ത് നിന്ന് ഒരു യുവാവ് ആതിരയുടെ വീട്ടിലെത്തി പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. യുവാവിനൊപ്പം ഇറങ്ങിവരണമെന്ന് ആതിരയോട് ആവശ്യപ്പെട്ടതായാണ് നാട്ടുകാർ പറയുന്നത്. അതിനാൽ ഇയാൾ വീണ്ടും വീട്ടിലെത്തി ആതിരയെ ആക്രമിച്ചതാകാമെന്നാണ് സൂചന. മാത്രവുമല്ല, യുവതിയുടെ സ്കൂട്ടറും മോഷണം പോയിട്ടുണ്ട്. കൊലപാതകത്തിന് ശേഷം പ്രതി സ്കൂട്ടറിൽ കടന്നുകളഞ്ഞതാകാമെന്നാണ് പൊലീസ് കരുതുന്നത്.