മുംബൈ: ബോളിവുഡ് നടനെ ആക്രമിച്ച കേസിലെ പ്രതി ബംഗ്ലാദേശ് സ്വദേശി ഷരീഫുൾ ഇസ്ലാം ഷെഹ്സാദ് മുഹമ്മദ് രോഹില്ല അമിൻ ഫക്കീറിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് മുംബൈ പൊലീസ്. പ്രതി ഏഴുമാസം മുൻപാണ് മേഘാലയയിലെ ദൗകി നദി കടന്ന് ഇന്ത്യയിലേക്ക് എത്തിയതെന്നും പശ്ചിമ ബംഗാൾ സ്വദേശിയുടെ ആധാർ കാർഡ് ഉപയോഗിച്ച് സിം കാർഡ് എടുത്തതായും പൊലീസ് വെളിപ്പെടുത്തി.
അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചതിന് ശേഷം പ്രതി ബിജോയ് ദാസ് എന്ന് പേരിലാണ് കഴിഞ്ഞിരുന്നത്. ഇന്ത്യയിലെത്തി ഏതാനും ആഴ്ചകൾ പശ്ചിമ ബംഗാളിൽ കറങ്ങിനടന്ന ഇയാൾ വ്യാജ ആധാർ കാർഡ് ഉണ്ടാക്കാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു.ഇയാൾ ഉപയോഗിച്ചിരുന്ന സിം കാർഡ് പശ്ചിമ ബംഗാളിൽ നിന്നുള്ള ഖുകുമോണി ജഹാംഗീർ സെഖ് എന്നയാളുടെ പേരിൽ രജിസ്റ്റർ ചെയ്തതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
താൻ 12-ാം ക്ലാസ് വരെ ബംഗ്ലാദേശിൽ പഠിച്ചതായും ജോലി തേടിയാണ് ഇന്ത്യയിലെത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. കൊൽക്കത്ത സ്വദേശിയാണ് താനെന്നാണ് ഷെരീഫുൾ ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ, ഇയാളുടെ കോൾ രേഖകൾ പരിശോധിച്ചപ്പോൾ ബംഗ്ലാദേശ് ആസ്ഥാനമായുള്ള നമ്പറുകളിലേക്ക് നിരവധി ഫോൺ കോളുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി. പ്രതി ബംഗ്ലദേശിലുള്ള തന്റെ കുടുംബത്തെ വിളിക്കാൻ മൊബൈൽ ആപ്പുകളും ഉപയോഗിച്ചിരുന്നു.
ഞായറാഴ്ച പുലർച്ചെ മഹാരാഷ്ട്രയിലെ താനെയിൽ നിന്നാണ് 30 കാരനായ പ്രതിയെ അറസ്റ്റ് ചെയ്തത്. സെയ്ഫ് അലി ഖാന്റെ ബാന്ദ്രയിലെ വസതിയിൽ അതിക്രമിച്ച് കയറിയ ഇയാൾ മോഷണ ശ്രമത്തിനിടെ നടനെ കുത്തി പരിക്കേൽപ്പിച്ച് രക്ഷപ്പെടുകയായിരുന്നു.















