തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവധി കഴിഞ്ഞ മരുന്നുകളും വിതരണം ചെയ്തുവെന്ന് സിഎജി റിപ്പോർട്ട്. 2016 മുതൽ സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്ത മരുന്നുകളിൽ കാലാവധി കഴിഞ്ഞവയും ഉണ്ടായിരുന്നുവെന്നാണ് സിഎജി റിപ്പോർട്ടിലുള്ളത്. 26 ആശുപത്രികളിൽ അറുപത് തവണ കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു.
കാലാവധി കഴിയുമ്പോൾ രാസഘടനയിൽ മാറ്റം വരുന്ന മരുന്നുകൾ ഉപയോഗിക്കുന്നത് രോഗികളുടെ ജീവൻ അപകടത്തിലാക്കുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 2016 – 17 മുതൽ 2021 -22 വരെയുള്ള കണക്കുകൾ പ്രകാരമാണ് ആശുപത്രികളിൽ കാലഹരണപ്പെട്ട മരുന്നുകൾ വിതരണം ചെയ്തതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. 148 ആശുപത്രികളിൽ നിർത്തലാക്കിയ മരുന്നുകൾ വിതരണം ചെയ്തു.
വിതരണത്തിന് മുൻപ് തന്നെ കാലാവധിയും ഗുണനിലവാരവും ഉറപ്പുവരുത്താത്തത് ആരോഗ്യവകുപ്പിന്റെ ഗുരുതര വീഴ്ചയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മരുന്നുകൾ വ്യാപകമായി വിതരണം ചെയ്തതിന് ശേഷം മരുന്ന് കഴിച്ചവർക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി പരാതികൾ ഉയരുമ്പോഴാണ് ഗുണനിലവാരം പരിശോധിക്കുന്നത്. ഇത്തരത്തിൽ ഗുണനിലവാരത്തിൽ പരാജയപ്പെട്ട മരുന്നുകൾക്കാണ് സ്റ്റോപ് മെമ്മോ നൽകുക. 530 പരാതികളെ തുടർന്ന് സ്റ്റോപ് മെമ്മോ നൽകിയ മരുന്നുകളാണ് സംസ്ഥാനത്ത് വിതരണം ചെയ്തത്.
കൊവിഡ് കാലത്ത് പിപിഇ കിറ്റുകൾ വാങ്ങിയതിൽ വീഴ്ച പറ്റിയെന്നും 10 കോടിയിലധികം രൂപയുടെ അധികബാദ്ധ്യത ഖജനാവിന് വരുത്തിവെച്ചുവെന്നുമുള്ള കണ്ടെത്തൽ ചർച്ചയാകുന്നതിന് പിന്നാലെയാണ് കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും സിഎജി റിപ്പോർട്ടിലൂടെ പുറത്തുവരുന്നത്.















