തിരുവനന്തപുരം: കേരളത്തിന്റെ പൊതുകടം 4.15 ലക്ഷം കോടി രൂപയാണെന്ന് സിഎജി റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തിക വർഷം അവസാനം വരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷം കടമെടുത്തതിന്റെ 13.02 ശതമാനം മാത്രമാണ് വികസന പ്രവർത്തനത്തിനായി ചെലവിട്ടതെന്നും സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വികസനച്ചെലവ് 2.94 ശതമാനം കുറഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ധനസഹായവും 12.79 ശതമാനം കുറഞ്ഞു. കടമെടുക്കുന്നതിന്റെ 70 ശതമാനം തുകയും നേരത്തെ എടുത്ത കടങ്ങൾ വീട്ടാനും മറ്റുമാണ് ചെലവഴിക്കുന്നതെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് ജിഎസ്ടി വരുമാനത്തിൽ 1050.32 കോടി രൂപയുടെ വർദ്ധനയുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. മൊത്തം നികുതി വരുമാനം 2360.85 കോടി രൂപയാണ് കൂടിയത്.
വായ്പ ഒഴികെയുള്ള വരുമാനത്തിന്റെ 73.36 ശതമാനവും ശമ്പളവും പെൻഷനും പലിശയും നൽകാനാണ് സർക്കാർ ചെലവഴിക്കുന്നത്. നികുതി വരുമാനം ബജറ്റിൽ പ്രതീക്ഷിച്ചതിലും 2709.24 കോടി രൂപ കുറഞ്ഞതായും സിഎജി ചൂണ്ടിക്കാട്ടുന്നു.
റവന്യൂ വരുമാനവും ചെലവും തമ്മിലുള്ള അന്തരം (റവന്യൂ കമ്മി) 1.53 ശതമാനമാണ്. ഇത് ഉയർന്ന തോതിലാണ്. അതേസമയം ജിഎസ്ടി നഷ്ടപരിഹാരമായി കേന്ദ്രം എടുത്തു തന്ന വായ്പ കൂടി കണക്കിൽപെടുത്തിയാണ് കടം ഇത്രയും കൂടിയതെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം.















