എറണാകുളം: പി വി അൻവറിനെതിരെ വിജിലൻസ് അന്വേഷണം. ആലുവയിൽ 11 ഏക്കർ ഭൂമി അനധികൃതമായി പോക്കുവരവ് ചെയ്തെന്ന പരാതിയിലാണ് അന്വേഷണം. ആഭ്യന്തര അഡീഷണൽ സെക്രട്ടറിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കൊല്ലം സ്വദേശിയും വ്യവസായിയുമായ മുരുകേഷ് നരേന്ദ്രന്‍റെ പരാതിയിലാണ് നടപടി.
പാട്ടാവകാശം മാത്രമുള്ള ഭൂമിയില്‍ ഉടമസ്ഥാവകാശം സ്വന്തമാക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതിയുമായി ബന്ധപ്പെട്ട് വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. തിരുവന്തപുരത്തെ പ്രത്യക സംഘത്തിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
എംഎൽഎയായിരിക്കുമ്പോൾ അധികാര ദുർവിനിയോഗം നടത്തിയാണ് ഭൂമി സ്വന്തം പേരിലേക്ക് മാറ്റിയതെന്ന് പരാതിയിൽ പറയുന്നു. കൂടാതെ ഇതുമായി ബന്ധപ്പെട്ട് അൻവറിൽ നിന്നും നിരന്തരം ഭീഷണി നേരിടുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടി.
അന്‍വറിനെതിരെ നിരന്തമായി നിയമപോരാട്ടം നടത്തുന്ന വ്യക്തിയാണ് മുരുകേഷ്. നിയമം ലംഘിച്ച് അൻവർ നിര്‍മ്മിച്ച നാല് തടയണകള്‍ പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത് മുരുകേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു. മുൻപ് മുരുകേഷ് നൽകിയ പല പരാതികളും സർക്കാർ നടപടി എടുത്തിരുന്നില്ല. എന്നാൽ അൻവർ മറുകണ്ടം ചാടിയതോടെയാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.















