ഗൗതം അദാനിയുടെ ഇളയ മകൻ ജീത്തിന്റെ വിവാഹം ആഢംബരം സംബന്ധിച്ച ഊഹാപോഹങ്ങൾ പരന്നൊഴുകുകയാണ്. അംബാനി കുടുംബത്തിന് ഒരുപടി മേലെയായിരിക്കും ആഘോഷമെന്ന് ഒരു കൂട്ടരുടെ വാദം. എന്നാൽ മറ്റൊരു കൂട്ടർക്ക് വിവാഹം അടുത്തെത്തിയിട്ടും പ്രിവെഡ്ഡിംഗ് ആഘോഷങ്ങൾ കാണാത്ത ആശങ്കയാണ്. ചർച്ചകൾ കൊഴിക്കുന്നതിനിടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഗൗതം അദാനി .മഹാകുംഭമേളയിൽ പങ്കെടുക്കാൻ കുടുംബസമേതമാണ് അദാനി പ്രയാഗ്രാജിൽ എത്തിയത്. ഇവിടെ വെച്ചായിരുന്നു മാദ്ധ്യമപ്രവർത്തകർ മകന്റെ വിവാഹവിശേഷങ്ങൾ ആരാഞ്ഞത്.
” ഫെബ്രുവരി 7 നാണ് ജീതിന്റെ വിവാഹം. സാധാരണക്കാരെ പോലെ ലളിതവും പരമ്പരാഗതവുമായ വിവാഹമായിരിക്കും . ഗംഗ മാതായുടെ അനുഗ്രഹം വാങ്ങാൻ ജീത്തും ഇവിടെ എത്തിയിട്ടുണ്ട്. ജീത്തിന്റെ വിവാഹം ഒരു സ്വകാര്യ ചടങ്ങായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിവാഹം സെലിബ്രിറ്റി കുംഭമേളയാകുമോ എന്നായിരുന്നു മാദ്ധ്യമങ്ങളുടെ ചോദ്യം.
സൂറത്ത് വജ്രവ്യാപാരി ജെയ്മിൻ ഷായുടെ മകൾ ദിവാ ഷായാണ് ജീത്തിന്റെ പ്രതിശ്രുത വധു. അഹമ്മദാബാദിൽ വച്ചാണ് വിവാഹം. 2023 മാർച്ചിൽ അഹമ്മദാബാദിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് വിവാഹനിശ്ചയം നടത്തിയത്.
അദാനി വിവാഹത്തിന് വേണ്ടി മൊട്ടേര സ്റ്റേഡിയത്തിൽ ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ് മത്സരം മാറ്റിവച്ചതായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. നൂറുകണക്കിന് സ്വകാര്യ ജെറ്റുകളും 58 രാജ്യങ്ങളിൽ നിന്നുള്ള പാചകക്കാരും പങ്കെടുക്കുമെന്നും ടെയ്‌ലർ സ്വിഫ്റ്റ് മുതൽ എലോൺ മസ്‌ക് വരെ അതിഥികളായി ഉണ്ടാകുമെന്ന നിഗമത്തിലായിരുന്നു സോഷ്യൽ മീഡിയ.















