തിരുവനന്തപുരം: മദ്യശാലകൾ ആരംഭിക്കാൻ പാകത്തിന് 74 വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് കൂടി സംസ്ഥാന സർക്കാർ അനുമതി നൽകി. ടൂറിസം വകുപ്പ് മുൻകൈയെടുത്താണ് നികുതി വകുപ്പിനെ കൊണ്ട് ബിയർ- വൈൻ പാർലറുകൾക്കും ബാറുകൾക്കും ഇളവ് ലഭിക്കാൻ തരത്തിൽ പുതിയ പട്ടിക ഇറക്കിയത്. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ധർമ്മടവും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
കോവളം ഉൾപ്പെടെയുള്ള നിലവിലുള്ള 14 പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് പുറമേ ആണിത്. സംസ്ഥാനത്തെ തിരിക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം മദ്യശാലകൾ തുടങ്ങാനാണ് സർക്കാർ നീക്കം. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ വേണ്ടിയാണ് വിനോദസഞ്ചാരങ്ങളാക്കി ഉത്തരവിറക്കിയതെന്നാണ് സർക്കാർ വാദം.
ടൂറിസം ഡെസ്റ്റിനേഷൻ ചലഞ്ചിന്റെ ഭാഗമായാണ് നടപടി. ഉത്തരവിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ മദ്യവില്പന കേന്ദ്രങ്ങൾക്ക് ഇളവ് അനുവദിക്കാൻ എക്സൈസിന് കഴിയും. കെടിഡിസിയുടെ ബിയർ പാർലറുകൾ ഘട്ടംഘട്ടമായി ബാറാക്കി മാറ്റാനും ആലോചനയുണ്ട്. സംസ്ഥാനത്ത് കെടിഡിയുടെ ഉടമസ്ഥതയിൽ 60 ബിയർ പാർലറുകളാണ് പ്രവർത്തിക്കുന്നത്.
വിജ്ഞാപനത്തിൽ വിനോദസഞ്ചാരകേന്ദ്രങ്ങൾ
- തിരുവനന്തപുരം: പൊന്മുടി, പൂവാർ, ചൊവ്വര, വേളി ടൂറിസ്റ്റ് വില്ലേജ്, ആക്കുളം ടൂറിസ്റ്റ് വില്ലേജ്, നെയ്യാർ ഡാം, വിക്രംപുരം ഹിൽസ്, കാപ്പിൽ
- കൊല്ലം: തെന്മല-പാലരുവി, പരവൂർ- തെക്കുഭാഗം, കൊല്ലം ബീച്ച്, മൺറോത്തുരുത്ത്, തങ്കശ്ശേരി, ജഡായുപ്പാറ, അഷ്ടമുടി
- പത്തനംതിട്ട: പെരുന്തേനരുവി, ഗവി, കോന്നി ഇക്കോട്ടൂറിസം സെന്റർ, ആന സഫാരി ട്രെയിനിങ് സെന്റർ
- ആലപ്പുഴ: ആലപ്പുഴ കായൽ, കാക്കത്തുരുത്ത്, പാതിരാമണൽ
- കോട്ടയം: വൈക്കം, കൊടിമത
- ഇടുക്കി: പരുന്തുംപാറ, പാഞ്ചാലിമേട്, ആമപ്പാറ, രാമക്കൽമേട്, മാട്ടുപ്പെട്ടി, ഇരവികുളം ചിന്നക്കനാൽ, ഇലാവിഴാപൂഞ്ചിറ, വാഗമൺ
- എറണാകുളം: കൊച്ചി, കാലടി, മലയാറ്റൂർ- മണിപ്പാട്ട് ചിറ, കുഴിപ്പള്ളി- ചെറായി- മുനമ്പം ബീച്ച്, ഭൂതത്താൻകെട്ട്, കുമ്പളങ്ങി, കടമക്കുടി, മുസരിയസ് ഹെറിറ്റേജ് സെന്റർ
- തൃശ്ശൂർ: സ്നേഹതീരം ബീച്ച്, നാട്ടിക ബീച്ച്, തുമ്പൂർമുഴി ഡാം, പൂമല ഡാം, ആതിരപ്പള്ളി, മലക്കംപാറ
- പാലക്കാട്: മലമ്പുഴ, നെല്ലിയാമ്പതി, സൈലന്റ് വാലി, പറമ്പിക്കുളം
- മലപ്പുറം: കോട്ടക്കുന്ന്, പൊന്നാനി, തിരുനാവായ
- കോഴിക്കോട്: കാപ്പാട്, തുഷാരഗിരി, ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ്, ബേപ്പൂർ
- വയനാട്: കുറുവാ ദ്വീപ്, ഇടയ്‌ക്കൽ ഗുഹ, പൂക്കോട് തടാകം, പഴശ്ശിരാജ പാർക്ക്, വയനാട് ഹെറിറ്റേജ് മ്യൂസിയം, തീരുനെല്ലി, ബത്തേരി, ഫാന്റം റോക്ക്
- കണ്ണൂർ: പാലക്കയം തട്ട്, പൈതൽമല, തലശ്ശേരി, ധർമ്മടം, കൊട്ടിയൂർ
- കാസർകോട്: കോട്ടപ്പുറം















