മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ സംവിധായകനും എഴുത്തുകാരനുമായ പി പത്മരാജൻ ഓർമയായിട്ട് 34 വർഷം. ജീവിതവും പ്രണയവും സംഘർഷവും, ബന്ധങ്ങളിലെ സങ്കീർണതകളും ചുമർചിത്രം പോലെ വായനക്കാരുടെ മനസിൽ വരച്ചിട്ട കഥാകൃത്തായിരുന്നു പത്മരാജൻ.
വാക്കുകൾ കൊണ്ടും അർത്ഥവക്തായ വരികൾ കൊണ്ടും മലയാളികളുടെ മനസിൽ ഇടംനേടാൻ സാധിച്ച എഴുത്തുകാരനാണ് പത്മരാജൻ. സാധാരണക്കാരന്റെ ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങിയ കഥാകൃത്ത്. ജീവിതവും പ്രണയവും സംഘർഷവും, ബന്ധങ്ങളിലെ സങ്കീർണതകളും ചുമർചിത്രം പോലെ വായനക്കാരുടെ മനസിലേക്ക് വരച്ചിട്ടു.
ശാലിനി എന്റെ കൂട്ടുകാരി, ലോറി, രതിനിർവേദം, തൂവാനത്തുമ്പികൾ, നൊമ്പരത്തിപ്പൂവ്, ഞാൻ ഗന്ധർവൻ തുടങ്ങിയ എത്രയെത്ര ക്ലാസിക് ചിത്രങ്ങളാണ് പത്മരാജൻ മലയാളികൾക്ക് സമ്മാനിച്ചത്. കനൽകോരിയിട്ടത് പോലെ പത്മരാജന്റെ ഓരോ കഥാപാത്രങ്ങളും വായനക്കാരെ വേദനിപ്പിച്ചു. ചില കഥാപാത്രങ്ങളിലൂടെ ചിരിപ്പിച്ചു, കരയിപ്പിച്ചു, ത്രസിപ്പിച്ചു. പ്രണയത്തിന്റെ അതിർവരമ്പുകൾ കടന്ന്, ഒരിക്കലും ഒരുമിക്കില്ലെന്ന് അറിഞ്ഞുകൊണ്ട് ക്ലാരയെ സ്നേഹിച്ച ജയകൃഷ്ണനെയും രതിയെ പ്രണയിച്ച പപ്പുവിനെയും മലയാളികൾക്ക് ഒരിക്കലും മറക്കാനാകില്ല.
മുത്തശ്ശിക്കഥയിൽ നാം കേട്ടുമറന്ന ആ ഗന്ധർവനെ മറ്റൊരു ദൃശ്യാവിഷ്കാരത്തോടെ പ്രേക്ഷകരുടെ മുന്നിലെത്തിച്ചു. ദേവലോകത്തെ ഗന്ധർവന്മാർ ശാപം കിട്ടി ഭൂമിയിലെത്തുകയും കന്യകമാരെ പ്രണയിക്കുകയും ചെയ്യുമെന്ന മുത്തശ്ശിക്കഥയെ അഭ്രപാളിയിൽ യാഥാർത്ഥ്യ ഭാവത്തോടെ അദ്ദേഹം വരച്ചിട്ടു. 1991-ൽ ഞാൻ ഗന്ധർവൻ എന്ന സിനിമ റിലീസ് ചെയ്തതിന് ശേഷം 12 ദിവസങ്ങൾ കഴിഞ്ഞാണ് പത്മരാജൻ മരിച്ചത്. ഇതായിരുന്നു പ്രിയ കഥാകാരന്റെ അവസാന സിനിമ.
1978-ൽ പെരുവഴിയമ്പലം എന്ന ചിത്രത്തിലൂടെയാണ് സംവിധാനരംഗത്ത് പത്മരാജൻ അരങ്ങേറ്റം കുറിച്ചത്. സ്വയം രചനയും സംവിധാനവും നിർവഹിച്ച ആദ്യ ചിത്രം തന്നെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് നേടിക്കൊടുത്തിരുന്നു.















