പുഷ്പ – 2 എന്ന ചിത്രത്തിന് ശേഷം രശ്മിക മന്ദാനയുടേതായി വരാനിരിക്കുന്ന ബോളിവുഡ് ചിത്രമാണ് ഛാവ. മറാത്ത സാമ്രാജ്യത്തിന്റെ യോദ്ധാവായ ഛത്രപതി സംഭാജി മഹാരാജാവിന്റെ കഥ പറയുന്ന ചിത്രത്തിൽ വിക്കി കൗശലാണ് നായകൻ. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ട്രെയിലർ ലോഞ്ച് നടന്നത്. മുംബൈയിൽ നടന്ന ഗ്രാന്റ് ലോഞ്ചിംഗിന് എത്തിയ രശ്മികയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്. പരിക്കേറ്റ കാലുമായി രശ്മിക ചാടിച്ചാടി വേദിയിലേക്ക് വരുന്നതാണ് വീഡിയോ.
വർക്കൗട്ടിനിടെയാണ് രശ്മികയുടെ കാലിന് പരിക്കേറ്റത്. സല്‍മാന്‍ ഖാനും രശ്മികയും ഒന്നിക്കു ന്ന ‘സിക്കന്ദറി’ന്‍റെ ഷൂട്ടിങ്ങിനിടെ ജിമ്മില്‍ വച്ചായിരുന്നു അപകടം. രശ്മിക തന്നെയാണ് ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. അപകടത്തിന് ശേഷം രശ്മിക പങ്കെടുക്കുന്ന ആദ്യ പരിപാടിയായിരുന്നു ഇത്.
അണിയറപ്രവർത്തകർ ഒപ്പമുണ്ടെങ്കിലും സ്വയം നടക്കാൻ ശ്രമിക്കുകയാണ് രശ്മിക. സ്റ്റേജിന്റെ അടുത്തെത്തുമ്പോൾ വിക്കി കൗശൽ വേദിയിലേക്ക് പിടിച്ചുകയറ്റുന്നതും വീഡിയോയിൽ കാണാം. പിന്നീട് ഒരു കസേരയിലേക്ക് വിക്കി കൗശലിന്റെ സഹായത്തോടെ രശ്മിക ഇരുന്നു. ഇരുവരും ചേർന്നാണ് ലോഞ്ചിംഗ് ചടങ്ങ് നിർവഹിച്ചത്.
യെശുഭായ് എന്ന കഥാപാത്രത്തിലേക്ക് എത്താൻ ഒരുപാട് പ്രാക്ടീസ് ചെയ്തിട്ടുണ്ടെന്നും കഥയെ കുറിച്ച് കൂടുതൽ പഠിച്ചതിന് ശേഷമാണ് സിനിമ ചെയ്തതെന്നും രശ്മിക പറഞ്ഞു. ഛാവ പോലുള്ള ഒരു സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമായാണ് കാണുന്നത്. ഷൂട്ടിംഗ് തുടങ്ങിയത് മുതൽ മഹാറാണി എന്നാണ് വിക്കി എന്നെ വിളിച്ചിരുന്നത്. ഞാൻ ചെയ്തതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമാണിത്. ഛാവ എന്നും എനിക്ക് സ്പെഷ്യലായിരിക്കുമെന്നും രശ്മിക മന്ദാന പറഞ്ഞു.















