മുംബൈ: ഗുണ്ടാത്തലവൻ ഛോട്ടാ രാജന്റെ വലംകൈ ഡികെ റാവുവിനെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. റാവുവിന്റെ ആറ് കൂട്ടാളികളെയും പിടികൂടിയിട്ടുണ്ട്. മുംബൈ ക്രൈംബ്രാഞ്ചിന്റെ ആൻ്റി എക്‌സ്‌റ്റോർഷൻ സ്‌ക്വാഡിന്റേതാണ് നടപടി. ഹോട്ടലുടമയിൽ നിന്നും 2.5 കോടി രൂപ തട്ടിയെടുത്തുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കൊള്ളയടിക്കൽ, വഞ്ചന, വ്യാജരേഖ ചമയ്‌ക്കൽ തുടങ്ങിയ ബിഎൻഎസ് വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഛോട്ടാ രാജന്റെ നിർദ്ദേശപ്രകാരമായിരുന്നു ഡികെ റാവു എന്ന ദിലീപ് മല്ലേഷ് വോറയുടെ പ്രവർത്തനം. ചേരിയിൽ ജനിച്ച് വളർന്ന റാവു ഡികെ കമ്പനിയിൽ എത്തിയതോടെയാണ് ഛോട്ടാ രാജനുമായി അടുക്കുന്നത്. പിന്നാലെ ബാങ്ക് കൊള്ള, വ്യവസായികളുടെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഡികെ റാവുവിന്റെ പേര് ഉയർന്നുവന്നു. ഇതിനിടെ പലതലണ അറസ്റ്റിലായെങ്കിലും ജാമ്യം നേടി തിരിച്ച് വന്ന് സമാന കുറ്റകൃത്യങ്ങൾ ആവർത്തിക്കുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഡികെ റാവു രണ്ട് തവണ പൊലീസ് ഏറ്റുമുട്ടലിൽ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്.
ദാവൂദ് ഇബ്രാഹിമിൽ തുടങ്ങുന്ന മുംബൈ അധോലോകത്തിന്റെ അവശേഷിപ്പുകൾ തുടച്ചുനീക്കാനുള്ള ഊർജ്ജിത ശ്രമത്തിലാണ് ക്രൈബ്രാഞ്ച്. ഡികെ റാവുവിന്റെ തലവൻ ഛോട്ടാ രാജൻ തീഹാർ ജയിലിലാണ്. കൊലപാതകം, പണംതട്ടൽ ഉള്‍പ്പെടെ 70 ഓളം ക്രിമിനല്‍ കേസുകളാണ് ഛോട്ടാ രാജനെതിരെയുള്ളത്.















