ന്യൂഡൽഹി: 2030 ഓടെ ഇന്ത്യയുടെ മൊത്തം ആഭ്യന്തര വരുമാനത്തിന്‍റെ അഞ്ചിലൊന്നും ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ സംഭാവന ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. മൊത്തം സമ്പദ്‌വ്യവസ്ഥയുടെ രണ്ടിരട്ടി വേഗത്തില്‍ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ വളരുമെന്നും ഇലക്ട്രോണിക്സ്, ഐ.ടി മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2022-23 ല്‍ ദേശീയ വരുമാനത്തിന്റെ 11.74 ശതമാനം ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയില്‍ നിന്നായിരുന്നു. 2024-25 ല്‍ ഇത് 13.42 ശതമാനമായി വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തല്‍. ഇൻഫർമേഷൻ ആൻ്റ് കമ്മ്യൂണിക്കേഷൻ സേവനങ്ങൾ, ടെലികോം, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടറുകൾ, കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ എന്നിവയുടെ നിർമ്മാണം തുടങ്ങിയവ 7.8 ശതമാനമാണ് സംഭാവന ചെയ്യുക. ബിഗ് ടെക് കമ്പനികൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവ ഏകദേശം 2 ശതമാനവും ബാങ്കിംഗ്, ഫിനാൻഷ്യൽ സേവനങ്ങൾ, ഇൻഷുറൻസ്, വ്യാപാരം, വിദ്യാഭ്യാസം എന്നിവ മറ്റൊരു 2 ശതമാനവും കൂട്ടിച്ചേർക്കും
2022-23ൽ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരുടെ എണ്ണം 14. 5 ദശലക്ഷമാണ്. ഇത് ഇന്ത്യയുടെ മൊത്തം തൊഴിൽ ശക്തിയുടെ 2.55 ശതമാനം വരും. കാർഷിക മേഖലയാണ് ഏറ്റവും വലിയ തൊഴിൽദാതാവായി തുടരുന്നത്. തൊഴിലാളി ശക്തിയുടെ 45.8 ശതമാനം കൃഷിയുടെ സംഭാവനയാണ്. 263.6 ദശലക്ഷം ആളുകളാണ് കാർഷികമേഖലയിൽ പ്രവർത്തിക്കുന്നത്. അതേസമയം ഉൽപ്പാദനമേഖലയിൽ 65.6 ദശലക്ഷം (11.4 ശതമാനം) തൊഴിലാളികളാണുള്ളത്















