ഗുവാഹത്തി: അസമിൽ പശുവിനെ പരസ്യമായി കൊന്ന് മാംസം ഭക്ഷിച്ചതിന് ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പൊതുസ്ഥലത്ത് പശുവിനെ കൊല്ലുന്ന വീഡിയോ വൈറലായതിനെ തുടർന്നാണ് നടപടി എന്ന് അസം ഡി ജി പി ജി.പി. സിംഗ് പറഞ്ഞു.
സഹിൽ ഖാൻ (20), ഹാഫിസുർ ഇസ്ലാം (19), റോഖിബുൾ ഹുസൈൻ (20), സഹിദുൽ ഇസ്ലാം (30), ഇജാസ് ഖാൻ (26), സഹിദുൽ ഇസ്ലാം (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെല്ലാം സംസ്ഥാനത്തെ കാംരൂപ് ജില്ലയിലെ അസൽപാറ ഗ്രാമത്തിലെ താമസക്കാരാണ്.
പ്രതികൾ വലിയ കത്തികൾ മൂർച്ച കൂട്ടുന്നതും പാചക പാത്രങ്ങൾ കൊണ്ടുപോകുന്നതും പശുവിനെ ബോട്ടിൽ കയറ്റുന്നതും വീഡിയോയിൽ കാണാം. വീഡിയോയുടെ മറ്റൊരു ഭാഗത്ത്, അവർ പശുവിനെ മുറിച്ചശേഷം പാചകം ചെയ്യുന്നതായി കാണിക്കുന്നു.
2021 ലെ അസം പശു സംരക്ഷണ നിയമ പ്രകാരം, സംസ്ഥാനത്ത് അനധികൃത കശാപ്പും കന്നുകാലി കച്ചവടവും നിരോധിച്ചിരിക്കുകയാണ്. സംസ്ഥാനത്തുടനീളം പരസ്യമായി ബീഫ് കഴിക്കുന്നതും നിരോധിച്ചിരുന്നു.















