ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാളിന് ജാമ്യത്തിലിറങ്ങി തെരഞ്ഞെടുപ്പിൽ മത്സരിക്കാമെങ്കിൽ തങ്ങളുടെ സ്ഥാനാർത്ഥി ജയിലിനുള്ളിലായാലും മത്സരിച്ച് വിജയിക്കുമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. 2020 ലെ ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന എഐഎംഐഎം സ്ഥാനാർത്ഥി ഷിഫ ഉർ റഹ്‌മാന് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് ഒവൈസിയുടെ പ്രസ്താവന. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ AIMIM ന്റെ ഓഖ്‌ല മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ് ഷിഫ ഉർ റഹ്‌മാൻ.
“ഈ രാജ്യത്ത് അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നേടാനും ആറ് മാസത്തിനുശേഷം തെരഞ്ഞെടുപ്പിൽ മത്സരിക്കാനും കഴിയുമെങ്കിൽ ജയിലിൽ കഴിയുന്ന ഷിഫയെ ഞങ്ങൾ വിജയിപ്പിക്കും, അദ്ദേഹം എംഎൽഎ ആകുകയും ചെയ്യും” പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഒവൈസി പറഞ്ഞു.
ബറോഡ ഡൈനാമൈറ്റ് കേസിൽ ബിഹാർ ജയിലിൽ കഴിയവെ ജോർജ്ജ് ഫെർണാണ്ടസ് തെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നുവെന്നും ഒവൈസി ചൂണ്ടിക്കാട്ടി. ഡൽഹി കലാപവുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ ജയിലിൽ കഴിയുന്ന ഷിഫ ഉർ റഹ്മാനെയും താഹിർ ഹുസൈനെയും സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച AIMIM നെതിരെ പ്രതിപക്ഷ പാർട്ടികൾ രൂക്ഷവിമർശനമുന്നയിച്ചിരുന്നു. എന്നാൽ എതിർക്കുന്നവരാണ് ലജ്ജിക്കേണ്ടതെന്നും പാർലമെന്റിലുള്ളവർ തന്നെ പലകേസുകളിൽ പ്രതികളാണെന്നുമായിരുന്നു വിമർശനങ്ങൾക്കുള്ള ഒവൈസിയുടെ ന്യായീകരണം.
ഫെബ്രുവരി അഞ്ചിനാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് . ഒറ്റഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഫെബ്രുവരി 8 ന് നടക്കും.















