ബെംഗളൂരു: എയ്‌റോ ഇന്ത്യയ്‌ക്ക് മുന്നോടിയായി യെലഹങ്കയിൽ മാംസ നിരോധനം ഇല്ലെന്ന് ഹോട്ടലുടമകൾ.
ബംഗളുരു എയർ ഷോ കാരണം 26 ദിവസത്തേക്ക് നോൺ-വെജിറ്റേറിയൻ ഭക്ഷണം നൽകുന്ന ഹോട്ടലുകളും ഔട്ട്‌ലെറ്റുകളും അടച്ചുപൂട്ടാനുള്ള ബൃഹത് ബെംഗളൂരു മഹാനഗര പാലികെയുടെ (ബിബിഎംപി) ഉത്തരവിനെതിരെ ഹോട്ടലുടമകളുടെ പ്രതിഷേധമുണ്ടായിരുന്നു. ഇതിനെ തുടർന്ന് ഈ ഉത്തരവ് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പിൻവലിച്ചതായി ബാംഗ്ലൂർ ഹോട്ടൽസ് അസോസിയേഷൻ അവകാശപ്പെട്ടു.
ബിബിഎംപി നിരോധനം പിൻവലിക്കൽ ഉത്തരവ് ഔദ്യോഗികമായി പുറപ്പെടുവിച്ചിട്ടില്ലെങ്കിലും, അവരുടെ അഭ്യർത്ഥന പരിഗണനയിലാണെന്നും കന്നഡ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഫെബ്രുവരി 10 മുതൽ 14 വരെ യെലഹങ്കയിലെ എയർഫോഴ്‌സ് സ്‌റ്റേഷനിൽ എയർ ഷോ സംഘടിപ്പിക്കുന്നുണ്ട്. ഉപേക്ഷിക്കപ്പെടുന്ന മാംസവും ഭക്ഷണാവശിഷ്ടങ്ങളും പക്ഷികളെ ആകർഷിക്കുമെന്നതിനാൽ, ആ ഭീഷണി തടയാൻ വേദിക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ മാംസ നിരോധനം ഏർപ്പെടുത്തിയിരുന്നു.
ജനുവരി 23 മുതൽ ഫെബ്രുവരി 17 വരെ യെലഹങ്കയിലെ അയ്യായിരത്തിലധികം ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, പബ്ബുകൾ, ബാറുകൾ എന്നിവ അടച്ചുപൂട്ടുന്നത് പൊതുജനങ്ങളെ സാരമായി ബാധിക്കുമെന്ന് എടുത്തുകാണിച്ച് ഉത്തരവ് പിൻവലിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.
തങ്ങളുടെ ആവശ്യത്തെ തുടർന്ന് അടച്ചുപൂട്ടൽ ഉത്തരവ് ഗിരിനാഥ് പിൻവലിച്ചതായി ബാംഗ്ലൂർ ഹോട്ടൽസ് അസോസിയേഷൻ പ്രസിഡൻ്റ് പി സി റാവു പറഞ്ഞു.















