ബോളിവുഡ് നടി സാറ അലി ഖാനുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് നടനും മോഡലുമായ അർജുൻ പ്രതാപ്. തങ്ങളെ കുറിച്ചുള്ള അഭ്യൂഹങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും സ്വകാര്യതയെ മാനിക്കണമെന്നും അർജുൻ പ്രതാപ് ഓൺലൈൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘എഴുതാൻ എന്ത് കിട്ടിയാലും ആളുകൾ അതേ കുറിച്ച് എഴുതുന്നു. അത് അവരുടെ ജോലിയാണ്. അത് അവർ ചെയ്യുന്നുണ്ട്. ഞാൻ എന്റെ ജോലികളിൽ മാത്രമാണ് ശ്രദ്ധിക്കുന്നത്. അതുകൊണ്ട് തന്നെ എന്നെ ഇതൊന്നും ബാധിക്കുന്ന പ്രശ്നമല്ലെന്നും’ അർജുൻ പ്രതാപ് പറഞ്ഞു.
കഴിഞ്ഞവർഷം സാറയും അർജുനും കേദാർനാഥ് സന്ദർശിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് ഇരുവരും തമ്മിൽ പ്രണയമാണെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നത്. ഇതിനിടെ രാജസ്ഥാനിൽ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ അല്ലാതിരുന്നിട്ടും ഊഹാപോഹങ്ങൾ വച്ച് ഇവർ ഡേറ്റിംഗിലാണെന്നായിരുന്നു അഭ്യൂഹങ്ങൾ.
പ്രണയത്തിലാണെന്ന കിംവദന്തികളിൽ സാറ അലി ഖാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. കേദാർനാഥിൽ എല്ലാ വർഷവും ദർശനം നടത്തുന്ന വ്യക്തിയാണ് സാറ അലി ഖാൻ. താരം ദർശന നടത്തുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാകാറുണ്ട്.