വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്ത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗും ഭാര്യ ആരതി അഹ്‌ലാവത്തും. നീണ്ട 20 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ ദമ്പതികൾ വിവാഹമോചനത്തിലേക്ക് നീങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന ചില വാർത്തകൾ സൂചിപ്പിച്ചിരുന്നു. ഇരുവരും കുറച്ചു മാസങ്ങളായി വേർപിരിഞ്ഞ് താമസിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലും ഇവർ പരസ്‌പരം അൺഫോളോ ചെയ്തുവെന്നാണ് ഏറ്റവും പുതിയതായി പുറത്തുവരുന്ന വിവരം. 2004ൽ വിവാഹിതരായ സെവാഗിനും ആരതിയ്‌ക്കും ആര്യവീർ, വേദാന്ത് എന്നീ രണ്ട് ആൺമക്കളുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളായി സോഷ്യൽ മീഡിയയിൽ സെവാഗ് പങ്കുവയ്‌ക്കുന്ന ചിത്രങ്ങളിലൊന്നും ആരതിയെ കണ്ടിരുന്നില്ല. ഇതും ആരാധകർക്കിടയിൽ വേർപിരിയൽ അഭ്യൂഹങ്ങൾ ശക്തമാക്കി.
ദമ്പതികൾ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയില്ലെങ്കിലും സെവാഗിന്റെയും ആരതിയുടെയും ദാമ്പത്യ ജീവിതം അത്ര സുഖകരമല്ലെന്ന ഊഹാപോഹങ്ങൾ ആരാധകർക്കിടയിലുണ്ട്. ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരമാണ് സെവാഗ്. ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപ്പണറായാണ് അദ്ദേഹത്തെ കണക്കാക്കുന്നത്. ഡൽഹിയിൽ ജനിച്ച താരം 104 മത്സരങ്ങളിൽ നിന്ന് (180 ഇന്നിംഗ്‌സുകൾ) 49.34 ശരാശരിയിൽ 23 സെഞ്ച്വറികളും 32 അർദ്ധസെഞ്ച്വറികളും സഹിതം 8586 റൺസ് നേടിയിട്ടുണ്ട്.